ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സൗദി അറേബ്യ സന്ദര്‍ശിക്കും. നാല് വര്‍ഷത്തിന് ശേഷം മോദി സൗദിയിലെത്തുമ്പോള്‍ ഇരുരാജ്യങ്ങളും വലിയ പ്രതീക്ഷയിലാണ്. രണ്ട് ദിവസം സൗദിയില്‍ തങ്ങുന്ന മോദിയുടെ ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തലും വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കലുമാണ്.

പ്രതിരോധ രംഗത്തും ഊര്‍ജ മേഖലയിലും സൗദിയും ഇന്ത്യയും സഹകരണം ശക്തമാക്കാന്‍ ആലോചിക്കുന്നുണ്ട്. ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയുടെ ഭാവി പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. ഇന്ത്യയെ പശ്ചിമേഷ്യ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയും പ്രധാന ചര്‍ച്ചയാകും.

ഏപ്രില്‍ മൂന്നാംവാരത്തിലാകും മോദി സൗദിയിലെത്തുക എന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ മോദിയെ ക്ഷണിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 42.98 ബില്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ഇന്ത്യ നടത്തുന്ന നിക്ഷേപം 300 കോടി ഡോററായും ഉയര്‍ന്നു. നിര്‍മാണം, ടെലി കമ്യൂണിക്കേഷന്‍, ഐടി, ധനകാര്യ സേവനം, സോഫ്റ്റ് വെയര്‍ വികസനം, മരുന്ന് എന്നീ രംഗങ്ങളിലാണ് ഇന്ത്യ പ്രധാനമായും സൗദിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------