പണ്ട് പോക്കറ്റിൽ കാശുമായി നടന്ന നമ്മളെ, കാണുന്ന ക്യുആർ കോഡിലെല്ലാം ഫോണെടുത്ത് ‘വീശാൻ’ പഠിപ്പിച്ച പേമെന്‍റ് ആപ്പാണ് ഗൂഗിൾ പേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗത്തിൽ ഉള്ള ആപ്പുകളിൽ ഒന്നും ഇത് തന്നെ. പണമിടപാട് എല്ലാം ഡിജിറ്റൽ ആയപ്പോൾ ഇത്രത്തോളം സഹായകമായി മാറിയ ഒരു പേമെന്‍റ് ആപ്പും വേറെ ഇല്ല. പണമിടപാട് മാത്രമല്ല, ബില്ലുകൾ അടക്കാനും ഇതിലൂടെ സാധിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷെ, ഇനി മുതൽ ചില ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര യുപിഐ സേവനദാതാവായ ഗൂഗിള്‍ പേ.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി, പാചക വാതകം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടയ്ക്കുമ്പോഴാണ് ഗൂഗിള്‍ പേ ഫീസ് ഈടാക്കുക.

ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയായിരിക്കും ഫീസ് ഈടാക്കുക. കൂടെ ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈടാക്കും. ഒരു വര്‍ഷം മുന്‍പ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് ശേഷമാണ് പുതിയ ഫീസ് വരുന്നത്. അതെ സമയം, സാധാരണ ഗതിയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള യുപിഐ ഇടപാടുകൾ പഴയത് പോലെ സൗജന്യമായി തന്നെ തുടരും. പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകള്‍ നികത്താനുള്ള മാര്‍ഗമായിട്ടാണ് ഫീസിനെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുപിഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിള്‍ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------