ഇരിങ്ങാലക്കുട: ചാരിറ്റിയുടെ മറവില്‍ സൈബര്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ആവള സ്വദേശിയായ മന്നമ്മാള്‍ വീട്ടില്‍ ലത്തീഫി(44)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ (70) നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 22 ലക്ഷത്തോളം രൂപ തട്ടിച്ചതായാണ് പരാതിയിലുള്ളത്.


പ്രതി നദീറാഷാന്‍ എന്ന പ്രവാസിയുവതിയാണെന്നാണ് ആദ്യം വിശ്വസിപ്പിച്ചിരുന്നത്. നിരന്തരമായി ഫേസ്ബുക്കിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു.


അബ്ദുള്‍ റഹ്‌മാന് ചാരിറ്റി പ്രവര്‍ത്തനത്തിലുളള താത്പര്യം മനസിലാക്കിയ പ്രതി തന്‍റെ 11 വയസുളള മകള്‍ക്കു ബ്ലഡ് കാന്‍സറാണെന്നും ഗള്‍ഫിലെ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും 20 ലക്ഷം രൂപയോളം ഇപ്പോള്‍തന്നെ ചെലവായെന്നും പറഞ്ഞു.

മകളെ രക്ഷിക്കാൻ സഹായിക്കണമെന്നും ഗഡുക്കളായി തിരിച്ചുതരാമെന്നും പറഞ്ഞതു വിശ്വസിച്ച്‌ റഹ്‌മാന്‍ 15 ലക്ഷത്തോളം രൂപ പലപ്പോഴായി ഗൂഗിള്‍ പേ വഴി നല്‍കി. റഹ്‌മാൻ തന്‍റെ കെണിയില്‍ വീണെന്നു മനസിലാക്കിയ പ്രതി, നദീറാഷാന്‍റെ അനുജത്തിയുടെ ഭര്‍ത്താവായ ലത്തീഫ് ആണെന്നു പരിചയപ്പെടുത്തി. തനിക്കു കാന്‍സറാണെന്നും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞുവിശ്വസിപ്പിച്ച്‌ എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തു.


പിന്നീട് പ്രതി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരില്‍ വ്യാജമായി എടുത്ത സിം കാര്‍ഡുകളുപയോഗിച്ച്‌ അബ്ദുള്‍ റഹ്‌മാനെ വിവിധ വ്യാജപേരുകളില്‍ വിളിച്ച്‌ വീണ്ടും പണം ആവശ്യപ്പെട്ടു. മാസങ്ങളായി താൻ അയച്ചുകൊടുത്ത പണം തിരികെ ചോദിച്ചതുലഭിക്കാതായപ്പോഴാണ് താന്‍ ചതിക്കപ്പെട്ടു എന്നു റ‌ഹ്‌മാൻ മനസിലാക്കിയതും ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതികൊടുത്തതും.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------