ന്യൂഡല്‍ഹി : ടെക്ക് ലോകത്തില്‍ തന്നെ പുതിയ തരംഗമായി മാറിയ ഡീപ് സീക്കിന് ശേഷം സ്വന്തമായി എഐ മോഡല്‍ നിർമിക്കാനൊരുങ്ങി ഇന്ത്യയും.

പത്ത് മാസങ്ങള്‍ക്കകം ഇന്ത്യ എഐ മോഡല്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ആധുനിക സാങ്കേതിക വിദ്യകള്‍ എല്ലാവരിലേക്കും എത്തിക്കാനാണ് ഇന്ത്യയുടെ പരിശ്രമം. ഇന്ത്യയുടെ സംസ്കാരവും ഭാഷ വൈവിധ്യവും മുൻനിർത്തിയാണ് എഐ നിർമിക്കുന്നെതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

'ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് നമ്മുടേതായുള്ള ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പശ്ചാത്തലം, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം ഉള്‍കൊള്ളുന്ന ഒരു മോഡല്‍ ഇറക്കാനാണ് തീരുമാനം.' അശ്വിനി വൈഷ്ണവ് പറഞ്ഞു. 

എഐ നിർമാണത്തിന് 10,300 കോടി രൂപ കേന്ദ്ര സർക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്നും നിലവില്‍ രാജ്യത്താകെ 18,600 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ (ജിപിയു) എംപാനല്‍ ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള എന്‍വിഡിയയുടെ എച്ച്‌ 100, എച്ച്‌ 200 എന്നിവയാണ് ഭൂരിഭാഗം ജിപിയുകളിലുമുള്ളതെന്നും, ഒപ്പം എഎംഡിയുടെ എംഐ 325 ജിപിയും കൈവശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഡീപ് സിക്ക് 2500 ജിപിയു ഉപയോഗിക്കുമ്ബോള്‍ ഇന്ത്യ 15000 ഹൈഎന്‍ഡ് ജിപിയു ഉപയോഗിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഇത് എഐ രംഗത്ത് ഇന്ത്യയെ മുന്നിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------