കോഴിക്കോട്: ഭിന്നശേഷിക്കാരെ സഹായിക്കുകയെന്നത് ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും മേയര്‍ ഡോ.ബീന ഫിലിപ്പ്.ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന സംസ്ഥാനതല സ്‌പെഷല്‍ ഒളിമ്പിക്‌സ് കായികമേളയുടെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബ്ബും സ്‌പെഷല്‍ ഒളിമ്പിക്‌സ് സംഘാടകസമിതിയും ചേര്‍ന്ന് 'ഭിന്നശേഷിക്കാരുടെ അവകാശങ്ങളും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. ഭിന്നശേഷിക്കാരുടെ വേദനയും വിഷമങ്ങളും നിസ്സഹായതയും അറിയണമെങ്കില്‍ അവരിലൊരാളായി നാം മാറണം. എങ്കില്‍ മാത്രമേ അവരുടെ അവകാശങ്ങളേയും കുറിച്ച് നമുക്ക് അറിയാന്‍ കഴിയൂ. സാമൂഹ്യശ്രദ്ധ ആവശ്യമായ മേഖലകളെ തിരിച്ചറിഞ്ഞ് അവരെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും മേയര്‍ പറഞ്ഞു.


എരഞ്ഞിപ്പാലം യു.എല്‍ കെയര്‍ നായനാര്‍ സദനത്തില്‍ നടന്ന ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. വിവിധ സെഷനുകളില്‍ സ്‌പെഷല്‍ ഒളിമ്പിക്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ.എം.കെ ജയരാജ്, മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, സ്‌പെഷല്‍ ഒളിംപിക്‌സ് കേരള ഡയറക്ടര്‍ ഫാ.റോയ് കണ്ണന്‍ച്ചിറ എന്നിവര്‍ ക്ലാസെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍, സ്‌പെഷല്‍ ഒളിമ്പിക്‌സ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ.എം സിറാജ് സംസാരിച്ചു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ദിവാകരന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു. യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ മാനേജര്‍ എ.അഭിലാഷ് ശങ്കര്‍ സ്വാഗതവും പ്രൊജക്ട് ഡവലപ്പ്‌മെന്റ് ഓഫിസര്‍ എം.മന്‍സൂര്‍ നന്ദിയും പറഞ്ഞു.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------