ദോഹ:പൈതൃകവും സാംസ്കാരികതനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും.
സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാജ്യത്തിന്റെ തനത് സാംസ്കാരം എടുത്തു കാട്ടുന്ന പരമ്പരാഗത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ദേശീയ ദിനമായ 18 വരെ നീളുന്ന ആഘോഷങ്ങളിൽ ഇത്തവണ 15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളുമാണ് നടക്കുക. 10 ദിവസം നീളുന്ന പൈതൃക, സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികളാണ് ഇവിടുത്തെ ആകർഷണം.
രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പ്രധാന വേദിയിൽ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്കാരിക മത്സരങ്ങൾ ഉണ്ടാകും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. 5 നാടൻ ഗെയിമുകളും കുട്ടികൾക്ക് ആസ്വദിക്കാം.
ഈ മാസം 10 മുതൽ 18 വരെ ദിവസവും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. സന്ദർശകർക്കായി ഭക്ഷണപാനീയ വിൽപനശാലകളും കഫേകളും ഇവിടെയുണ്ടാകും.