ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർ.എസ്.എസിനെതിരായ പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് ലോക്സഭ സ്പീക്കർ നീക്കിയത്.

വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗത്തിനിടെ തന്നെ അമിത് ഷാ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇന്നലെ രാത്രിയിൽ സ്പീക്കറെ കണ്ട ബി.ജെ.പി നേതാക്കൾ പരാമർശങ്ങൾ നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുൽ ചോദിച്ചു.

ശിവന്റെ ചിത്രം ഉയർത്തിക്കാട്ടി നിർഭയത്വവും അഹിംസയുമാണ് ശിവൻ പഠിപ്പിച്ചതെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. കഴുത്തിലുള്ള സർപ്പം നിർഭയത്വത്തിന്റെയും ഇടതുകൈയിലുള്ള ത്രിശൂലം അഹിംസയുടെയും നിദർശനമാണ്. എന്നാൽ, ഹിന്ദുവെന്ന് പറയുന്നവർ ഹിംസയെയും വിദ്വേഷത്തെയും വ്യാജങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്നുവെങ്കിൽ നിങ്ങൾ ഹിന്ദുക്കളല്ല എന്ന് ബി.ജെ.പി അംഗങ്ങളെ നോക്കി രാഹുൽ പറഞ്ഞു. ഹിംസയുടെ ആളുകളായതു കൊണ്ടാണ് ബി.ജെ.പി ത്രിശൂലം വലതുകൈയിൽ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ നടത്തിയ വിമർശനത്തെ പ്രതിരോധിക്കാൻ മേദി രണ്ടുതവണ എഴുന്നേറ്റ് നിൽക്കുന്ന അപൂർവ കാഴ്ചക്ക് ലോക്സഭ സാക്ഷ്യം വഹിച്ചു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യമെഴുന്നേറ്റത്. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാൽ, താൻ സംസാരിച്ചത് ഭാരതീയ ജനതാ പാർട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുൽ തിരിച്ചടിച്ചു.


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------