ടെക്സാസ് : ആവേശം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ വെനസ്വേലയെ വീഴ്ത്തി കാനഡ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 4–3ന്റെ വിജയത്തോടെയാണ് കാനഡയുടെ മുന്നേറ്റം. ഇതോടെ കോപ അമേരിക്ക സെമി ഫൈനലിൽ അർജന്റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടും. ജൂലൈ 10നാണ് അർജന്റീന-കാനഡ സെമി ഫൈനൽ.

വെനസ്വേലക്കെതിരായ മത്സരത്തിൽ 13ാം മിനിറ്റിൽ തന്നെ കാനഡ ലീഡെടുത്തിരുന്നു. ജേക്കബ് ഷാഫൽബർഗിന്റെ ഗോളിലൂടെയായിരുന്നു കാനഡ മുന്നിൽ കയറിയത്. എന്നാൽ, രണ്ടാം പകുതിയുടെ 64ാം മിനിറ്റിൽ വെനസ്വേല തിരിച്ചടിച്ചു. സലോമൻ റോണ്ടന്റെ വകയായിരുന്നു സമനില ഗോൾ.

ഷൂട്ടൗട്ടിൽ ഇരു ടീമുകളും 3-3 എന്നനിലയിൽ സമനിലപാലിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. ഒടുവിൽ വെനസ്വേലയുടെ വിൽക്കർ ഏഞ്ചലിന്റെ കിക്ക് സേവ് ചെയ്ത് കാനഡ ഗോൾകീപ്പർ ടീമിന് സെമിയിലേക്കുള്ള ബെർത്ത് ഉറപ്പാക്കി.

നേരത്തെ കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറി​നെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-4ന് കീഴടക്കിയാണ് ലയണൽ മെസ്സിയും കൂട്ടരും അവസാന നാലിലെത്തിയത്. എതിരാളികളുടെ ആദ്യ രണ്ടു കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനെസ് കരുത്തുകാട്ടിയത്. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തിയത്. കളിക്കിടെ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലൻസിയ പെനാൽറ്റി പാഴാക്കിയത് എക്വ​ഡോറിന് തിരിച്ചടിയായി.


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------