ദില്ലി:മൂന്നാം മോദി സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയിൽ ചേർന്ന സഖ്യ കക്ഷികളുടെ യോഗം സർക്കാർ രൂപീകരണ ചർച്ചകൾ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നിൽക്കാൻ താൽപര്യമുള്ള കക്ഷികൾക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള തക്ക മറുപടിയാണ് ജനം നൽകിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖർഗേ മാധ്യമങ്ങളോട് പറഞ്ഞു. കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികൾക്ക് പിന്നാലെ ബിജെപി കൂടിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യവും സർക്കാർ രൂപീകരണത്തിൽ ഒരു കൈനോക്കിയാലോയെന്ന് തീരുമാനിച്ചത്. സഖ്യത്തിലെ കക്ഷികളുടെ പൊതു തീരുമാനപ്രകാരം തുടർനടപടകളിലേക്ക് കടക്കാനായിരുന്നു നീക്കം. ദില്ലിയിൽ മുപ്പത്തിമൂന്ന് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പക്ഷേ സർക്കാർ രൂപീകരണ ചർച്ചകൾ നടത്താൻ ഗൗരവമായ നിർദ്ദേശം ഉയർന്നില്ല. മറിച്ച് പ്രതിപക്ഷ നിരയിൽ ശക്തമായ സാന്നിധ്യമാകാൻ തീരുമാനിച്ചു. സർക്കാർ രൂപീകരണത്തിന് ഭാവിയിൽ സാധ്യത തെളിഞ്ഞാൽ ഒന്നിച്ച് നിൽക്കാനും തീരുമാനിച്ചു.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------