തിരൂരങ്ങാടി :ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസൽ വധക്കേസ് തിരൂർ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഇന്ന്‍  പരിഗണിക്കും. എന്നാൽ, പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാർ ഇപ്പോഴും ഇടഞ്ഞുനിൽകുകയാണ്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചെങ്കിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ ലഭിക്കാത്തതിനാൽ കേസ് ഈ മാസം 26ലേക്കു മാറ്റുകയായിരുന്നു.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടുന്നതിനായി ഫൈസലിന്റെ ഭാര്യ ജസ്ന ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു. നേരത്തെ കുടുംബത്തിന്റെ ആവശ്യപ്രകാരം കാസർകോട്ടെ അഡ്വ.സി.കെ.ശ്രീധരനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇദ്ദേഹം പിന്മാറിയിരുന്നു. തുടർന്നു കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകരായ പി.കുമാരൻകുട്ടി, കെ.സാഫൽ എന്നിവരെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു നൽകണമെന്നാവശ്യപ്പെട്ട് ജസ്ന മാസങ്ങൾക്കു മുൻപേ സർക്കാരിന് അപേക്ഷ നൽകി. ഇതുവരെ അനുകൂല മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അഡ്വ. എസ്.രാജീവ് മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എന്നാൽ, അഡ്വ. പി കുമാരൻ കുട്ടിയെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാക്കില്ലെന്നാണ് സർക്കാർ നിലപാട്. അഡ്വ. പി കുമാരൻ കുട്ടിയല്ലാത്ത ആരേയും ഈ സ്ഥാനത്തേക്ക് പരി​ഗണിക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ടി.പി വധക്കേസിൽ കോടതിയിൽ ഹാജറായി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയത് അഡ്വ.പി കുമാരൻ കുട്ടിയായിരുന്നു.
ഇതാണ് കുമാരൻ കുട്ടിയോട് സർക്കാർ എതിർപ്പിന് കാരണമെന്ന് കരുതുന്നു.

ഫൈസൽ വധക്കേസ് ഇന്ന് തിരൂർ കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തത് കേസിനെ ദോഷകരമായി ബാധിക്കും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന കാര്യത്തിൽ സർക്കാർ അഴകൊഴമ്പൻ നിലപാട് തുടരുന്നത് ഫൈസൽ കൊല്ലപ്പെട്ടത് മുതൽ പ്രതികളെ സഹായിക്കുന്ന സർക്കാർ നിലപാടിന്റെ തുടർച്ചയാണെന്ന ആക്ഷേപം ശക്തമാണ്. പ്രതികളെ പിടികൂടുന്നതിലും കുറ്റപത്രം തയ്യാറാക്കുന്നതിലും പോലിസിന്റെ ഭാ​ഗത്തുനിന്നുണ്ടായ വീഴ്ചകൾ വൻവിമർശനം വിളിച്ചുവരുത്തിയിരുന്നു.  


____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------