പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
'ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്, അവർ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് എന്ന സന്ദേശം വാട്സാപ്പ് വഴിയാണ് പ്രചരിച്ചത്. സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്ക് കാണിച്ചിരുന്നു. ഇതിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ റീചാർജ് ലഭിക്കുമെന്നായിരുന്നു സന്ദേശം.
ലിങ്ക് ക്ലിക്ക് ചെയ്താൽ സ്‌കാമർമാരുടെ നിയന്ത്രണത്തിലുള്ള ഒരു വെബ്‌സൈറ്റ് തുറക്കുമെന്നാണ് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അടിസ്ഥാനത്തിൽ പിഐബി പറയുന്നത്. ഈ വെബ്സൈറ്റ് പിന്നീട് ഉപയോക്താക്കളെ കബളിപ്പിക്കും. ഉപയോക്താക്കള്‍ ബാങ്കിംഗ് വിവരങ്ങൾ നൽകുന്നതിനോ അല്ലെങ്കിൽ ഓഫർ ക്ലെയിം ചെയ്യുന്നതിന് നിശ്ചിത പേയ്‌മെൻ്റ് നടത്തുന്നതിനോ ഇടയാക്കും. ഉപയോക്താക്കൾ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ ബാങ്കിംഗ് തട്ടിപ്പിലേക്ക് നയിച്ചേക്കാവുന്ന അക്കൗണ്ട് വിശദാംശങ്ങളും മറ്റ് ആവശ്യമായ വിവരങ്ങളും തട്ടിപ്പുകാർക്ക് ലഭിക്കും. ഉപയോക്താക്കൾ ഇത്തരം സന്ദേശങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, അത്തരം സന്ദേശങ്ങൾ കൂടുതൽ ഉപയോക്താക്കൾക്ക് കൈമാറരുതെന്നും നിർദേശമുണ്ട്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------