തിക്കോടി: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായി യാത്ര ദുഷ്കരമായ തിക്കോടി പഞ്ചായത്തിൽ നിന്നും ബീച്ചിലേക്ക് പോകുന്ന റോഡിൽ ഇന്നലെ പഞ്ചായത്ത് പ്രസിഡണ്ടും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടതോടുകൂടി കോൺട്രാക്റ്റിംഗ് കമ്പനിയായ വാഗാദിന്റെ നേതൃത്വത്തിൽ താൽക്കാലികമായി മണ്ണിട്ടു കൊണ്ട് പരിഹാരം ഉണ്ടാക്കി. എന്നാൽ പ്രസ്തുത പരിഹാരം വെള്ളത്തിന്റെ ഒഴിഞ്ഞു പോക്കിനു പരിഹാരം കാണാതെ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടൽ മാത്രമായി. ഇവിടെയുള്ള സാംസ്കാരിക നിലയത്തിന്റെ മുറ്റത്തേക്കും തൊട്ടടുത്ത പറമ്പിലും ഈ വെള്ളം കെട്ടി നിൽക്കുകയാണ്. ഇത് ഇവിടെ നിന്നും ഒഴിഞ്ഞുപോവാൻ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ ഇതിന് ശാശ്വത പരിഹാരം ആവില്ല.
നിലവില്‍ കേരളത്തിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബീച്ച് വിനോദ സഞ്ചാര കേന്ദ്രമായ കല്ലെത്ത് ബീച്ചിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഈ റോഡിൽ ഇത് ഭാവിയിൽ പ്രശ്നം സൃഷ്ടിക്കുക തന്നെ ചെയ്യും. അതേപോലെതന്നെ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാംസ്കാരിക നിലയത്തിന്റെ കെട്ടിടത്തിന് ഇത് ഭീഷണി ആവുകയും ചെയ്യും. ഇവിടെ ഇപ്പോൾ ചളി നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് കാൽനടയാത്രക്കാരുടെ സഞ്ചാരം ദുഷ്കരമാക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിന് ശാശ്വതമായ പരിഹാരം തേടണം എന്ന് പൊതുജനം വീണ്ടും ആവശ്യപ്പെടുകയാണ്. നിലവിൽ ദേശീയപാതയുടെ സബ് കോൺട്രാക്റ്റിംഗ് നടത്തുന്ന വാഗാദ് കമ്പനിയുമായി ചർച്ച ചെയ്തുകൊണ്ട് ശാസ്ത്രീയമായ പരിഹാരം ഇതിനു തേടിയെ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം മഴ ശക്തമായാല്‍ ഈ റോഡ് വീണ്ടും ഗതാഗതത്തിന് യോഗ്യമല്ലാതെ ആയിത്തീരും എന്ന കാര്യത്തിൽ സംശയമില്ല.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------