കോഴിക്കോട് :കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

എന്താണ് വെസ്റ്റ് നൈൽ?

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ൽ യുഗാൺഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ൽ ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.

രോഗപ്രതിരോധവും ചികിത്സയും

ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.

മുൻകരുതലുകൾ

    വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക
    ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക
    കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
    സ്വയംചികിത്സ ഒഴിവാക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃ​ഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോ​ഗബാധ ഉണ്ടാകും. എന്നാൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോ​ഗം പകരില്ല.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------