തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ നിര്‍ദേശിച്ച്‌ മന്ത്രിസഭ അംഗീകരിച്ചു ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ച ഓര്‍ഡിനന്‍സ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതിക്കു വിട്ട് ഗവര്‍ണര്‍.


തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ അംഗീകരിച്ച വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. ഇതോടെ നിയമസഭാ സമ്മേളനം അടക്കം ശിപാര്‍ശ ചെയ്യാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരാനിരിക്കുന്ന സര്‍ക്കാര്‍ വെട്ടിലായി.


തിങ്കളാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇന്നലെ രാജ്ഭവനില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് നയപരമായ തീരുമാനമടങ്ങിയ ഓര്‍ഡിനന്‍സില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചത്. കമ്മീഷന്‍റെ അനുമതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന.


ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുന്നതിനായി ഇന്നു ചേരാനിരുന്ന പതിവു മന്ത്രിസഭായോഗവും വെള്ളിയാഴ്ചയിലേക്കു മാറ്റിയിരുന്നു. ജൂണ്‍ 10നു നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്‍റെ തീയതി നീട്ടിയത്.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറോടു മന്ത്രിസഭ ശിപാര്‍ശ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കാന്‍ നിയമപരമായി കഴിയില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ നീട്ടിവച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി ലഭിച്ച ശേഷമേ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയുള്ളൂ.

ഓര്‍ഡിനന്‍സ് വിജ്ഞാപനം ഇറങ്ങിയ ശേഷമേ ‌നിയമസഭാ സമ്മേളനവും തുടങ്ങാനാവൂ എന്ന പ്രതിസന്ധിയാണ് സര്‍ക്കാരും നേരിടുന്നത്. അല്ലെങ്കില്‍ നിയമസഭാ സമ്മേളന തീയതി അടുത്ത ആഴ്ചയിലേക്കു മാറ്റേണ്ടിവരും.
ഓര്‍ഡിനന്‍സ് ഉപേക്ഷിച്ച്‌ നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവരിക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള മാർഗം.
ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ എങ്കിലും ആറുവരെയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളത്.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------