തിക്കോടി : കഴിഞ്ഞ മൂന്നുവർഷംകൊണ്ട് ബീച്ച് വിനോദസഞ്ചാര രംഗത്ത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ സഞ്ചാരം നടത്തിയ എന്നാൽ യാതൊരു തരത്തിലുള്ള ഔദ്യോഗിക ടൂറിസവും ഇല്ലാത്ത ഒരു ബീച്ച് ആണ് കല്ലകത്ത് ബീച്ച് എന്നറിയപ്പെടുന്ന തിക്കോടി ഡ്രൈവിംഗ് ബീച്ച്. മനോഹരമായ ഭൂപ്രകൃതിയുള്ള ഈ ബീച്ചിൽ ടൂറിസം മന്ത്രി അടക്കം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവിടുത്തെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തുകയും വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും നിലവിൽ ഇതൊക്കെ കടലാസിൽ തന്നെ.
വേസ്റ്റ് നീക്കം ചെയ്യുവാൻ യാതൊരു സംവിധാനവും ഇല്ലാത്ത ഇവിടെ സഞ്ചാരികൾ അവരുടെ വേസ്റ്റ് കളഞ്ഞു പോകുന്നതിൽ ബീച്ചിനോട് യാതൊരു ദയയും കാണിക്കാറില്ല. തുടക്കത്തിൽ ഒരു ഷോപ്പ് മാത്രമുള്ള ഇവിടെ ഇപ്പോൾ താൽക്കാലിക സംവിധാനത്തിൽ ധാരാളം ഷോപ്പുകൾ പ്രവർത്തിച്ചുവരുന്നു. ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ഷോപ്പുകളിൽ പലതിനും ഫുഡ് ലൈസൻസോ രജിസ്ട്രേഷനോ ഇല്ല എന്ന് കണ്ടെത്താൻ സാധിക്കും. നാട്ടുകാർ അടക്കമുള്ള ചെറിയ കച്ചവടക്കാർ അവരുടെ നിത്യ വരുമാനത്തിന് വേണ്ടി കച്ചവടം ചെയ്യുന്നതായത് കൊണ്ട് വൃത്തിഹീനമായ ചുറ്റുപാടിനെ സംബന്ധിച്ച് നാട്ടുകാർ ആരും പരാതി നൽകാറില്ല. സർക്കാർ സംവിധാനങ്ങൾ പലപ്പോഴും ചെറുകിട കച്ചവടക്കാർ എന്ന നിലക്ക് പരിഗണന കൊടുത്തുകൊണ്ട് കണ്ണടക്കാറാണ്. എന്നാൽ ഈ പരിഗണന യാതൊരു തരത്തിലും മുഖവിലക്കെടുക്കാത്ത കച്ചവടക്കാർ ഇവിടുത്തെ ബീച്ച് മലിനമാകുന്നത് ഒഴിവാക്കാൻ ആവശ്യമായ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. പെരുന്നാൾ, വിഷു,ഓണം,ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ ഇവിടെ കച്ചവടം ചെയ്തു ലാഭം കൊയ്യുന്ന പുറം കച്ചവടക്കാർ കച്ചവടം ഒഴിവാക്കി പോകുമ്പോൾ ഇവിടുത്തെ ബീച്ചിന് മാലിന്യ കൂമ്പാരങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്. ഇത് ഇവിടെ സ്ഥിരമായി കച്ചവടം ചെയ്യുന്ന തദ്ദേശീയരായ കച്ചവടക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്.
ബീച്ചിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ ആദ്യഘട്ടങ്ങളിൽ ഒക്കെ പഞ്ചായത്തിന്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ തൊഴി ലുറപ്പ് തൊഴിലാളികളെ കൊണ്ട് ശുചിത്വ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും പിന്നീട് ഇതിന്റെ തുടർച്ച ഉണ്ടായിട്ടില്ല. വർഷങ്ങൾക്കു മുമ്പ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ എത്തി,സ്കൂൾ വിദ്യാർത്ഥികൾ, എൻ സി സി കേഡറ്റുകൾ,എൻഎസ്എസ് വളണ്ടിയർമാർ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ഉപയോഗിച്ചുള്ള ക്ലീനിങ് ക്യാമ്പയിനുകൾ നടന്നിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തിലുള്ള യാതൊരു ശുചീകരണവും നടക്കാതെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഈ ബീച്ചിന്റെ പരിസരത്തും അതേപോലെ ആവിയിലൂടെ (ഈ ബീച്ചിൽ അവസാനിക്കുന്ന ചെറിയ പുഴ ) അതിനു ചുറ്റുമുള്ള വീടുകളിലേക്കും കിണറു ളിലേക്കും എത്തിച്ചേരുകയാണ്. ഇവിടുത്തെ വെള്ളത്തിൽ ഈ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂടിയ തോതിലുള്ള അളവ് ഈ ബീച്ചിന്റെ പരിസരങ്ങളിൽ താമസിക്കുന്ന വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ ആയിരിക്കുകയാണ്. ഇത് ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അതേപോലെതന്നെ ബീച്ചിൽ നിന്നുള്ള പൊടിമണൽ വാഹനങ്ങളുടെ ടയറിൽ പറ്റിക്കൊണ്ട് റോഡിലെത്തുന്നതും അത് മൂലം റോഡിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അലർജി അടക്കമുള്ള നിരവധി ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഉണ്ടാവുന്നുണ്ട്.
ഇവിടുത്തെ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് പരാതികൾ പല തവണകളിലായി പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചെങ്കിലും യാതൊരുതരത്തിലുള്ള നടപടികളും ഉണ്ടായിട്ടില്ല. ധാരാളം സഞ്ചാരികൾ വരുന്ന ഈ പ്രദേശത്ത് ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ ഈ പ്രദേശത്തെ ഏതെങ്കിലും വീട്ടിൽ പോകേണ്ട അവസ്ഥയാണ്. ഇതാവട്ടെ സഞ്ചാരികൾക്കും പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വലിയതോതിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ബീച്ചിലെ മാലിന്യങ്ങൾ കടൽ വെള്ളത്തിൽ കലരുന്നതുമൂലം മത്സ്യങ്ങൾ അടക്കമുള്ള കടൽ ജീവികൾക്ക് ഭീഷണിയായിത്തീരുകയും ചെയ്യുന്നു.
മനോഹരമായ നമ്മുടെ സ്വന്തം ബീച്ചുകൾ സർക്കാറിനോടൊപ്പം സംരക്ഷിക്കുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന കാര്യം മറക്കാതിരിക്കുക. നമ്മൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നമ്മുടെ മാലിന്യങ്ങൾ ഉപേക്ഷിക്കാതിരിക്കുക.അത് ചെറിയ ഒരു കവറോ കുപ്പിവെള്ളത്തിന്റെ ബോട്ടിലോ ആയാൽ പോലും.മറക്കാതിരിക്കുക തിക്കോടി കല്ലകത്ത് ബീച്ചില്‍ നിങ്ങള്‍ കളഞ്ഞു പോവുന്ന ഒരു മിഠായി പൊതി പോലും ഇവിടെ നിന്ന് നീക്കം ചെയ്യാന്‍ ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ഒരിക്കിയിട്ടില്ല.അത് നിങ്ങള്‍ തന്നെ ഇവിടെ നിന്നും കൊണ്ട് കൂടെ കൊണ്ട് പോവുക...
ഓർക്കുക ഇന്നും ഈ ബീച്ച് കേരള സര്‍ക്കാറിന്റെ അധികാര പരിധിയില്‍ എത്തിയിട്ടില്ല....☺🤣😆
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------