തിക്കോടി:പുതിയ ദേശീയ പാതയിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനം കൊണ്ട്  തിക്കോടി  പഞ്ചായത്തിൽ നിന്നും ബീച്ചിലേക്ക് പോകുന്ന റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടുകൊണ്ട്   കാൽനടക്കാർക്കും  വാഹനങ്ങൾക്കും  പ്രയാസപ്പെടുകയാണ്.  

റെയിൽവേ ട്രാക്ക് മുതൽ ഉള്ള വെള്ളം ഒഴുകിവന്ന് ഹൈവേയിൽ ഉണ്ടായിരുന്ന ഓവുചാല്‍ വഴി കിഴക്ക് ഭാഗത്തുള്ള പാടങ്ങളിലേക്കും പറമ്പുകളിലേക്കും വെള്ളം ഒഴുകിപ്പോകുന്ന തരത്തിലായിരുന്നു ഇവിടെ ആദ്യം ഉണ്ടായിരുന്ന സംവിധാനം.

ഹൈവേ വികസനത്തിനു വേണ്ടി  നിലവിലുള്ള റോഡിനേക്കാൾ ഉയരത്തിൽ ഹൈവേയുടെ ഓവുചാല്‍ വരുകയും ഈ വെള്ളം ഇവിടെ നിന്നും ഒഴുകിപ്പോകുന്നതിന് വേണ്ടി യാതൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയിൽ വിടുകയാണ് ചെയ്തിരിക്കുന്നത്.ശാസ്ത്രീയമായ നിർമ്മാണ  നടത്താത്ത് മൂലം റോഡിൽ ചെറിയ മഴ പെയ്താൽ പോലും പൂർണമായും വെള്ളക്കെട്ട് രൂപപ്പെട്ട് ഇതുവഴിയുള്ള കാൽനടക്കാരുടെ സഞ്ചാരവും  ഗതാഗതവും തടസ്സപ്പെടുകയാണ് . 


ബീച്ചിലേക്ക് പോകുവാനുള്ള ഓട്ടോകൾ ഈ ഭാഗത്തായിരുന്നു നിർത്തിയിട്ടിരുന്നത്.ഇത് ഈ അവസ്ഥയില്‍ മാറ്റിയിരിക്കുകയാണ്. സ്കൂളുകളും മറ്റും തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ  ഇത് പൊതുജനത്തിനും വിദ്യാർത്ഥികൾക്കും വലിയ പ്രയാസം തന്നെ സൃഷ്ടിക്കും. ഹൈവേ അതോറിറ്റിയിൽ നിന്നും കോൺട്രാക്റ്റിംഗ് കമ്പനി ഭാഗത്ത് നിന്നും അടിയന്തര നടപടികൾ ഉണ്ടാവണം  എന്ന് ജനശബ്ദം ഉയരുകയാണ്.


 പതിനായിരക്കണക്കിന് ആളുകൾ വരുന്ന കേരളത്തിലെ രണ്ടാമത്തെ ഡ്രൈവിംഗ് ബീച്ച് ആയ കല്ലത്ത്  ബീച്ചിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്  ഹൈവേയിലേക്ക് കയറുവാൻ വലിയ പ്രയാസമാണ് നേരിടുന്നത്.  പുതിയ ദേശീയപാതയിൽ വിദഗ്ധ പരിശോധനക്ക് ശേഷം ഈ റോഡിൽ നിന്നുള്ള വെള്ളം ഒഴുകി പോകുവാനുള്ള  സംവിധാനം ഉണ്ടാക്കണമെന്ന്  നാട്ടുകാരും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു. 

ഇവിടെ റോഡുകളിൽ ഹംബ് സ്ഥാപിച്ചുകൊണ്ട്  തിക്കോടി ബീച്ച് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൈവേയിലേക്ക് കയറുവാനും ക്രോസ് ചെയ്യുവാനുള്ള എളുപ്പം ഉണ്ടാക്കണമെന്നും,  നിലവിൽ പുതുതായി വന്ന പാലത്തിനു താഴെ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും,ഹൈവേയില്‍ പുതിയ വന്ന ഓവുചാല്‍ സംവിധാനത്തിലേക്ക് ഈ റോഡില്‍ നിന്നുള്ള വെള്ളം ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും  നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിൽ ഒന്നും  ഉടൻ നടപടികൾ  ഉണ്ടായില്ലെങ്കിൽ ഹൈവേ തടയൽ അടക്കമുള്ള  സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്  വിവിധ റസിഡൻസ് അസോസിയേഷനുകളുടെ ഭാരവാഹികൾ പറഞ്ഞു.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------