കണ്ണൂർ:തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികൾ ഓട്ടം നിർത്തുന്നു. നാല് സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികൾ ഇതിൽ ഉൾപ്പെടുന്നു. നടത്തിപ്പ്-സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് യാത്രയുടെ ബുദ്ധിമുട്ട് കൂടുമെന്നിരിക്കെയാണ് റെയിൽവേയുടെ ഈ നടപടി. ശനിയാഴ്ചകളിൽ ഓടുന്ന മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂൺ എട്ടുമുതൽ 29 വരെയുള്ള സർവീസാണ് നിർത്തിയത്. മേയ് 25, ജൂൺ ഒന്ന് സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയിൽവേ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സർവീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിർത്തിയത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളിൽ) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രിൽ 20-ന് ഓടിക്കുകയും ചെയ്തു. ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
റദ്ദാക്കിയ തീവണ്ടികൾ
* മംഗളൂരു-കോയമ്പത്തൂർ പ്രതിവാര വണ്ടി (ശനി)-06041- (ജൂൺ എട്ടുമുതൽ 29 വരെ).
* കോയമ്പത്തൂർ-മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂൺ എട്ട്- 29).
*കൊച്ചുവേളി-നിസാമുദ്ദീൻ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂൺ ഏഴ്-28).
* നിസാമുദ്ദീൻ-കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കൾ)-06072- (ജൂൺ 10-ജൂലായ് ഒന്ന്).
* ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായർ)-06037 (ജൂൺ 21-30).
* വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കൾ) 06038 (ജൂൺ 22-ജൂലായ് ഒന്ന്).
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------