മഡ്രിഡ്: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനും നോർവേയും അയർലൻഡും. ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ, ഐക്യരാഷ്ട്ര സഭയുടെ 193 അംഗങ്ങളിൽ ഫലസ്തീൻ രാജ്യത്തിന് അംഗീകാരം നൽകിയ രാജ്യങ്ങളുടെ എണ്ണം 146 ആയി. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു മാർഗം ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക മാത്രമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ചരിത്രപരമായ നീതിയാണ് നടപ്പായതെന്നും അദ്ദേഹം പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഏക മാർഗം ഇസ്രായേൽ രാഷ്ട്രത്തോട് ചേർന്ന് ജീവിക്കുന്ന ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. കിഴക്കൻ ജറൂസലേം തലസ്ഥാനമായിക്കൊണ്ട് വെസ്റ്റ് ബാങ്കും ഗസ്സയും ഉൾപ്പെട്ടതാവണം ഫലസ്തീൻ രാഷ്ട്രം. രണ്ടിനെയും ഇടനാഴി വഴി ബന്ധിപ്പിക്കണമെന്നും സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
ഫലസ്തീന് രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് സ്പെയിനും നോർവേയും അയർലൻഡും കഴിഞ്ഞയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീനിലും ഇസ്രായേലിലും സമാധാനം പുന:സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പിലാർ അലേഗ്ര്യ പറഞ്ഞു.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന്‍റെ ഭാഗമായി ഐറിഷ് പാർലമെന്‍റിന് പുറത്ത് ഫലസ്തീൻ പതാക ഉയർത്തി. നേരത്തെ, നോർവേയും അയർലൻഡും സ്പെയിനും ഫലസ്തീന് രാഷ്ട്രമായി അംഗീകാരം നൽകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ മൂന്ന് രാഷ്ട്രങ്ങളിൽ നിന്നും തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചിരുന്നു. തീവ്രവാദത്തെ അംഗീകരിക്കുകയാണ് അയർലൻഡും നോർവേയും സ്പെയിനും ചെയ്യുന്നതെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാത്സ് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് നേരത്തെ നോർവേ പ്രധാനമന്ത്രി ജോനസ് ഗഹ്ർ സ്റ്റോർ പ്രസ്താവിച്ചിരുന്നു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ കൂടിയാണ് പിന്തുണക്കുന്നതെന്നും നോർവേ വ്യക്തമാക്കി. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൂചന നൽകിയിട്ടുണ്ട്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------