തിക്കോടി:തിക്കോടി അങ്ങാടി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിക്കോടി ഡ്രൈവിംഗ് ബീച്ച് എന്നറിയപ്പെടുന്ന കല്ലകത്ത് ബീച്ചിലേക്ക് പോവുന്ന റോഡിൽ നിന്നും മണൽ നീക്കം ചെയ്തു. പ്രദേശത്ത് വാഹനങ്ങളുടെ വരവ് വർദ്ധിച്ചതോടെ ഡ്രൈവ് ചെയ്യുന്ന ആളുകൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിൽ തീരപ്രദേശത്തുനിന്നുള്ള കറുത്ത പൊടി മണ്ണ് റോഡിലേക്ക് എത്തുകയും വാഹനങ്ങൾ പോകുമ്പോൾ ഇതിൽ നിന്നുള്ള പൊടി റോഡ് സൈഡിലുള്ള വീടുകളിൽ എത്തിച്ചേരുകയും അതു മൂലം പ്രദേശത്തെ റോഡ് സൈഡിൽ താമസിക്കുന്ന ആളുകൾക്ക് അലർജി പ്രശ്നങ്ങളും അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചു വരികയാണ്. അതുകൂടാതെ പ്രദേശത്ത് എത്തുന്ന ഇരുചക്ര വാഹനങ്ങൾ ഈ മണലിൽ പൂണ്ട് പുളഞ്ഞു വീഴാർ പതിവാണ്. തിക്കോടി പഞ്ചായത്തിൽ ഇത് സംബന്ധിച്ച് റസിഡൻസ് അസോസിയേഷനിൽ നേതൃത്വത്തിൽ പരാതികൾ നൽകിയിരുന്നെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും എടുക്കാത്ത സാഹചര്യത്തിലാണ് യന്ത്ര സഹായത്തോടുകൂടി മണൽ നീക്കം ചെയ്തത്. ഇതൊരു താൽക്കാലിക പരിഹാരം ആണെങ്കിലും ധാരാളം വാഹനങ്ങൾ എത്തുന്ന ഇവിടെ സ്ഥിരമായ രീതിയിൽ റോഡിൽ മണ്ണത്തുന്നത് തടയുവാൻ വേണ്ടി ബീച്ചിൽ നിന്നും കയറിവരുന്ന ഭാഗത്തെ കോൺക്രീറ്റ് സ്‌ലാബ് മാറ്റി പകരം പൈപ്പ് ഉപയോഗിച്ച് സ്‌ലാബും തുടക്കത്തിൽ ഒരു ഹമ്പും സ്ഥാപിച്ചാൽ വാഹനങ്ങളുടെ ടയറിൽ പറ്റിപ്പിടിക്കുന്ന മണൽ റോഡിൽ എത്തുന്നത് ഒഴിവാക്കാൻ കഴിയുന്നതാണ്. ഇതിനു ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. മണൽ നീക്കം ചെയ്യുന്നതിന് മസൂദ് വൈദ്യരകത്ത് , മുഹമ്മദ് റോഷൻ, നജ്മുദ്ദീൻ, മുഹമ്മദ് മഫ്ലഹ്, ഇബ്രാഹിം, മുനീർ പി വി എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് റസിഡൻസ് അസോസിയേഷൻ നൽകിയ 15 ഓളം ആവശ്യങ്ങളോട് ഇപ്പോഴും പഞ്ചായത്ത് പുറം തിരിഞ്ഞു നിൽക്കുകയാണ്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------