മലയാളികൾക്കിടയിൽ നിന്ന് ശ്രദ്ധേയനായ നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്റലിജൻസ് വഴി അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പ്രിഫറൻഷ്യൽ ഇഷ്യു വഴി കേരള ആയുർവേദയിൽ പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയർത്തിയിരുന്നു. അതേസമയം ജനുവരി അഞ്ചിന് നടന്നൊരു ബൾക്ക് ഡീൽ വഴി പൊറിഞ്ചു വെളിയത്ത് ഭാര്യ ലിറ്റി തോമസിന്റെ കയ്യിലുള്ള അൻസാൽ ബിൽഡ്‌വെൽ ലിമിറ്റഡിന്റെ ഓഹരികൾ വിറ്റൊഴിവാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന 78 കോടി രൂപ വിപണി മൂല്യമുള്ള മെെക്രോകാപ് കമ്പനിയാണ് അൻസാൽ ബിൽഡ്‌വെൽ ലിമിറ്റഡ്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും റിയൽ എസ്റ്റേറ്റ് നിർമാണ പ്രവർത്തികൾ നടത്തുന്ന കമ്പനിയാണിത്. ഭവന സമുച്ചയങ്ങൾ, ഷോപ്പുകൾ, വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ പോർട്ട്ഫോളിയോ കമ്പനിക്കുണ്ട്.

ഗുരുഗ്രാമിലെ സുശാന്ത് ലോക്, അൻസൽ കൃഷ്ണ, ബാംഗ്ലൂരിലെ അൻസൽ ഫോർട്ട്, കൊച്ചിയിലെ അൻസാൽ സിറ്റി, അൻസൽസ് റിവർഡെയ്ൽ, അമൃത്സറിലെ അൻസാൽ സിറ്റി, ഡെറാഡൂണിലെ അൻസലിന്റെ ഗ്രീൻ വാലി, മൊറാദാബാദിലെ പ്രകാശ് എൻക്ലേവ് എന്നിവ കമ്പനിയുടെ നിർമാണങ്ങളാണ്.

2023 മാര്‍ച്ചില്‍ പ്രതിയോഹരി 70 രൂപ നിരക്കിലാണ് ലിറ്റി തോമസ് അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ 72,500 ഓഹരികള്‍ സ്വന്തമാക്കിയത്. 2023 സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളനുസരിച്ച് ലിറ്റി തോമസിന് ഒരു ലക്ഷം ഓഹരികളാണ് കമ്പനിയിലുള്ളത്. അന്‍സാല്‍ ബില്‍ഡ്‌വെല്ലിന്റെ ആകെ ഓഹരികളുടെ 1.35 ശതമാനം വരുമിത്. പൊറിഞ്ചു വെളിയത്തിന്റെ നേതൃത്വത്തിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ്‌ ഇന്ത്യ എന്ന പിഎംഎസ് സ്ഥാപനത്തിന് 1.50 ലക്ഷം ഓഹരികളുമാണ് കമ്പനിയിലുള്ളത്. 2.03 ശതമാനം ഓഹരികകളാണിത്. പൊതു ഓഹരി ഉടമകളുടെ ഭാ​ഗത്ത് ലിറ്റി തോമസിന്റെയും ഇക്വിറ്റി ഇന്റലിജന്‍സ്‌ ഇന്ത്യയുടെയും പേരുണ്ട്.

അന്‍സാല്‍ ബില്‍ഡ്‌വെല്ലിൽ ഭാര്യ ലിറ്റി തോമസിന്റെ പേരിലുള്ള ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് വിറ്റഴിച്ചത്. ജനുവരി അഞ്ചിനാണ് ബള്‍ക്ക് ഡീല്‍ വഴി 44,711 ഓഹരികളുടെ കൈമാറ്റം നടന്നത്. ഓഹരിയൊന്നിന് 108.12 രൂപ നിരക്കില്‍ 48.34 ലക്ഷം രൂപയുടേതാണ് ഇടപാട്. കമ്പനിയുടെ ഓഹരികളുടെ 0.60 ശതമാനം വരുമിത്.

ഈ വില്‍പ്പനയിലൂടെ വന്‍ ലാഭം കൊയ്യാന്‍ പൊറിഞ്ചു വെളിയത്ത് സാധിച്ചു.


നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------