കോഴിക്കോട് :ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏഴാം പതിപ്പ് 2024 ജനുവരി 11,12, 13, 14 തീയതികളിൽ നടക്കും.

യുനെസ്കോയുടെ സാഹിത്യനഗരം എന്ന പദവി നേടിയ കോഴിക്കോട് നടക്കുന്ന കെഎൽഎഫിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഡി സി കിഴക്കെമുറി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സാഹിത്യോത്സവത്തിൽ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളിൽ സജീവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖർ പങ്കെടുക്കും.

മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിൻ്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 500 ലധികം പ്രമുഖർ പങ്കെടുക്കുന്ന 300-ലേറെ സംവാദങ്ങൾക്കാണ് ഏഴാം പതിപ്പ് സാക്ഷ്യം വഹിക്കുക.

ആറ് വേദികളിൽ നാല് ദിവസങ്ങളിലായി സയൻസ്, സാങ്കേതികം, ചരിത്രം, കല, രാഷ്ട്രീയം, സാഹിത്യം, സംരഭകത്വം, ആരോഗ്യം, യാത്ര, സംഗീതം, സാമ്പത്തികം, കായികം തുടങ്ങി വിവിധ മേഖലകൾ ചർച്ചചെയ്യപ്പെടും.

ഓർഹൻ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുർക്കിയാ ണ് ഇത്തവണത്തെ അതിഥി രാജ്യം. തുർക്കി റിപ്പബ്ലിക്കിൻ്റെ നൂറാം വാർഷികാഘോഷങ്ങൾക്കും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയാകും.

തുർക്കിയെ കൂടാതെ യുകെ. വെയ്ൽസ്, ജപ്പാൻ, യുഎസ്എ, മലേഷ്യ, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള പ്രമുഖരും സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർത്ഥി, തുർക്കി അംബാസിഡർ ഫിറാത് സുനേൽ, എബ്രഹാം വർഗ്ഗീസ്, വില്യം ഡാൽറിമ്പിൾ, ജെറി പിന്റോ, അമീഷ് ത്രിപാഠി, മോണിക ഹലൻ, ബൃന്ദ കാരാട്ട്, പീയുഷ് പാണ്ഡെ. മണിപ്പൂരിൽ നിന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥ തൗണോജം ബൃന്ദ, കൃഷ് അശോക്. പ്രഹ്ലാദ് കക്കർ, പ്രകാശ് രാജ്, പളനിവേൽ ത്യാഗരാജൻ, പെരുമാൾ മുരുകൻ, മല്ലിക സാരാഭായ്, രഘുറാം രാജൻ, ഗുർചരൺ ദാസ്, മണിശങ്കർ അയ്യർ, കാനൻ ഗിൽ, ഹരീഷ് ശിവരാമകൃഷ്‌ണൻ, ബർഖ ദത്ത്, ദുർജോയ്‌ദത്ത, സൂരജ് യെങ്ഡെ, ശോഭ തരൂർ ശ്രീനിവാസൻ, സുന്ദർ സർക്കൈ, അൽക്ക പാണ്ഡെ, പ്രീതി ഷെണോയി, ബാച്ചി കർക്കാരിയ, ശശി തരൂർ, മുഗ്‌ധ സിൻഹ, പാറക്കാല പ്രഭാകർ എം ടി., എം മുകുന്ദൻ, എൻ എസ് മാധവൻ, ഷീല, സക്കറിയ, ഉർവ്വശി ഭൂട്ടാലിയ, എതിരൻ കതിരവൻ, ടി ഡി രാമകൃഷ്ണ‌ൻ, ബെന്യാമിൻ, കെ ആർ മീര, സുനിൽ പി ഇളയിടം, ഗോപി കല്ലായിൽ, റസൂൽ പൂക്കുട്ടി, ഫാ.ബോബി ജോസ് കട്ടികാട്, കെ കെ ശൈലജ, അനിത നായർ തുടങ്ങി നിരവധി പ്രമുഖർ വായനക്കാരുമായി സംവദിക്കും.

ഇത്തവണ മുതൽ കുട്ടികൾക്കായി ചിൽഡ്രൻസ് കെഎൽഎഫും ഉണ്ടായിരിക്കും. മനു ജോസ് ആണ് സികെഎൽഎഫ് ക്യൂറേറ്റ് ചെയ്യുന്നത്. അശ്വതിയും ശ്രീകാന്തും ചേർന്ന് അവതരിപ്പിക്കുന്ന 'നൃത്തസാദരം എം ടി'. ടി എം കൃഷ്‌ണയും വിക്കു വിനായക്‌റാമും ചേർന്ന് നയിക്കുന്ന കർണ്ണാടിക് സംഗീതനിശ, റൂമിയുടെ ജന്മനാടായ കോന്യയിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാൻഡിൻ്റെ സംഗീതനിശ എന്നിവ ഉൾപ്പെടെ വിവിധ സാംസ്‌കാരിക പരിപാടികളും വ്യത്യസ്‌ത ദിവസങ്ങളിലായി അരങ്ങേറും.

കൂടാതെ എല്ലാ ദിവസവും രാത്രി വിവിധ ഭാഷകളിലെ പ്രശസ്‌തചലച്ചിത്രങ്ങളുടെ പ്രദർശനവും നടക്കും.

യുവ എഴുത്തുകാരെ കണ്ടെത്തുന്നതിലും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്ന തിലും കെഎൽഎഫ് എന്നും മുൻപന്തിയിലുണ്ട്. ഇതിൻ്റെ ഭാഗമായി എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രകൃതിയുമായി ചേർന്ന് നിന്നുകൊണ്ട് അവരുടെ സർഗാത്മകതയെ പരിപോഷിപ്പുക്കുന്നതിനായി വാഗമണിൽ ഒരു റെസിഡൻസിയും ഡി സി ബുക്‌സിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഫ്രാൻസ്, വെയ്ൽസ്, സ്കോട്ടലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഇതിനോടകം വാഗമൺ റസിഡൻസിയുടെ ഭാഗമായിട്ടുണ്ട്.

കവി കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടറും രവി ഡിസി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ചെയർമാൻ എ പ്രദീപ് കുമാറും ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കിമും ഉൾപ്പെട്ടതാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകസമിതി

സാഹിത്യോത്സവത്തിന് മുന്നോടിയായി കോഴിക്കോട് അളകാപുരി കാർത്തിക ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ എ പ്രദീപ് കുമാർ, രവി ഡി സി, എ കെ അബ്ദുൽ ഹക്കിം, കെ. വി ശശി എന്നിവർ പങ്കെടുത്തു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------