1948 ജനുവരി 30 ഒരു കറുത്ത ദിനത്തിലാണ് നഥൂറാം വിനായക് ഗോഡ്‌സെ എന്ന വർഗ്ഗീയ തീവ്രവാദി മഹാത്മജിയെ വെടിവെച്ചു കൊന്നത്. രാഷ്ട്രപിതാവിൻ്റെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്സെ ഈ ആസൂത്രിത കൃത്യം നടപ്പിലാക്കിയത്. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. ഗാന്ധിക്കെതിരെ 1917ല്‍ നടന്ന ആദ്യ വധശ്രമം വിഫലമാക്കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് ബിഹാറിലെ സാധാരണക്കാരനായ ഒരു ഗ്രാമീണനായിരുന്ന ബതക് മിയാന്‍ അന്‍സാരിയായിരുന്നു.
പൂനെയിൽ ജനിച്ച ഗോഡ്സെ ഹിന്ദു മഹാസഭയുടെ പ്രവർത്തകനായിരുന്നു. 1949 നവംബർ 15 ന് അംബാല ജയിലിൽ ഗോഡ്സേയെന്ന ഭീകരവാദിയെ തൂക്കിക്കൊന്നു.ഗാന്ധിയും ഗോഡ്സെയും രാമമന്ത്രമുയർത്തിയിട്ടുണ്ട്. വെടിയേറ്റ ഗാന്ധി ഹേ... റാം എന്നാണ് അവസാനവും മൊഴിഞ്ഞത്. ഗാന്ധിയുടെ രാമമന്ത്രം ആത്മീയതയും ഗോഡ്സെയുടെത് അപര വിദ്വേഷവുമായിരുന്നു എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. ഗാന്ധി അഹിംസയുടെയും സ്നേഹത്തിൻ്റെയും പ്രതീകമായി. ഗോഡ്സെ ഹിംസയുടെയും വെറുപ്പിൻ്റെയും പ്രതീകവും.
കാലം കുറെ സംസാരിച്ചപ്പോൾ ഗാന്ധിയുടെ പക്ഷത്താണോ ഗോഡ്സെയുടെ പക്ഷത്താണോ നാമുള്ളത് എന്നതാണ് ജനുവരി 30 ഉയർത്തുന്ന പ്രസക്തമായ ചോദ്യം. ഗാന്ധിയുടെ ഓർമ്മകൾക്കു മുമ്പിൽ പുഷ്പാർച്ചന നടത്തുന്നവർ തന്നെ, ആ മഹാനുഭാവൻ്റെ ഘാതകൻ്റെയും, ഗാന്ധി വധത്തിൽ പ്രതിചേർക്കപ്പെട്ടവരുടെയും പാദങ്ങളിലും പുഷ്പാർച്ചന നടത്തുകയും അവരെ വണങ്ങുകയും ചെയ്യുന്ന അതിവിചിത്രമായ കാഴ്ച ഇന്ന് രാജ്യത്ത് സംജാതമായിരിക്കുന്നു. അതിനാൽ ജനുവരി 30 ഒട്ടും വെറും ഓർമ്മകൾ അല്ല... ഈ രാജ്യത്തിന് വേണ്ടി ജീവിത സമരം നടത്തിയ ആ മഹാനായ മനുഷ്യന് വേണ്ടി ഈ രാജ്യത്തിന്റെ രക്ഷക്കും നല്ല ഭാവിക്കും നാം ഒരുമിച്ചു മുന്നേറും എന്ന പ്രതിജ്ഞയുടെ പുതുക്കൽ ദിനം കൂടിയാണ് ഇന്ന്.
ജയ് ഹിന്ദ്