തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിക്ക് പുറമേ ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയുന്നുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------