തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞ വർഷം പിടിയിലായത് 60 സർക്കാർ ഉദ്യോഗസ്ഥർ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥർ കൈക്കൂലിക്കേസിൽ ഒരു വർഷം പിടിയിലാകുന്നത്. 2023ൽ 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ജീവനക്കാരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
വിജിലൻസ് അറസ്റ്റ് ചെയ്തവരിൽ കൂടുതൽ പേരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. തൊട്ടുപിന്നിൽ തദ്ദേശ സ്വയംഭരണ വകുപ്പുമുണ്ട്. റവന്യൂവകുപ്പിലെ 17 ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ വകുപ്പിലെ 15 പേരെയുമാണ് കൈക്കൂലിക്ക് അറസ്റ്റുചെയ്തത്. ആരോഗ്യവകുപ്പിലെ ആറുപേരും പോലീസ് വകുപ്പിലെ നാലുപേരും രജിസ്ട്രേഷൻ വകുപ്പിലെ മൂന്നുപേരും അറസ്റ്റിലായി.
കൃഷി, സർവേ, മോട്ടോർവാഹന വകുപ്പ് എന്നിവയിൽനിന്ന് രണ്ടുവീതവും, ടൂറിസം, വനം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, എക്‌സൈസ്, വൈദ്യുതി, പട്ടികജാതി വികസനം, കെ.എസ്.ആർ.ടി.സി., വിദ്യാഭ്യാസം, സിവിൽസപ്ലൈസ് വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരും അറസ്റ്റിലായി. സർക്കാർ ഓഫീസുകളിൽ വിജിലൻസ് നടത്തുന്ന മിന്നൽപ്പരിശോധനകളുടെ എണ്ണത്തിലും 2023-ൽ റെക്കോഡിട്ടു. 1910 മിന്നൽപ്പരിശോധനകളാണ് 2023-ൽ വിജിലൻസ് നടത്തിയത്.
____________________
നിങ്ങളുടെ നാട്ടിലെ നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------