ഷാർജ: സമൂഹത്തിൽ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന വിദ്വേഷങ്ങൾക്കെതിര സ്നേഹം കൊണ്ട് പ്രതിരോധമൊരുക്കണമെന്ന് വിവിധ പ്രവാസി സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തിൽ ഫെബ്രുവരി പതിനഞ്ചു മുതൽ പതിനെട്ട് വരെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മാനവികതാസംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിവിധ സംഘടനാ പ്രതിനിധികൾ. മനുഷ്യരുടെ നന്മയാണ് മതങ്ങളുടെ ലക്ഷ്യമെന്നിരിക്കെ വിശ്വാസങ്ങളുടെ പേരിൽ വെറുപ്പിനു പ്രസക്തിയില്ലെന്ന് സംഗമം ഊന്നിപ്പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്‌ഘാടനം ചെയ്തു. 

മനുഷ്യർക്കിടയിൽ സ്‌നേഹവും കാരുണ്യവും പരസ്പര സഹകരണവും ഇല്ലായ്മ ചെയുന്ന രീതിയിൽ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന മുഴുവൻ ശക്തികളെയും ഒറ്റപെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ഗാന്ധിയനും നാഷണൽ യൂത്ത് പ്രോജക്ട് ഭാരവാഹിയുമായ കാരയിൽ സുകുമാരൻ സ്നേഹ സന്ദേശം നൽകി. ഫോക്കസ് ഇന്ത്യ സി ഇ ഒ ഡോക്ടർ യു പി യഹ്‌യ ഖാൻ പ്രമേയവിശദീകരണം നടത്തി സംസാരിച്ചു. യു ഐ സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ അസൈനാർ അൻസാരി, ഹാഷിം നൂഞ്ഞേരി (ഷാർജ കെ എം സി സി), അഡ്വക്കേറ്റ് സന്തോഷ് കെ നായർ (മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം), പ്രഭാകരൻ പയ്യന്നൂർ (മഹസ്‌), താഹ അബ്ദുല്ല മമ്പാട് (ഐ സി സി ഷാർജ), ജാസ്മിൻ ശറഫുദ്ദീൻ (എം ജി എം), സാദിഖ് പി ശാഹുൽ (ഫോക്കസ്), അബ്‌ദുറഹ്‌മാൻ പൂക്കാട്ട് (യു ഐ സി ഷാർജ), ഉസ്മാൻ കക്കാട് (യുവത ബുക്സ്) എന്നിവർ പ്രസംഗിച്ചു. യു ഐ സി ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് റഹ്‌മാൻ പാലക്കൽ അധ്യക്ഷത വഹിച്ചു. നൗഫൽ മരുത സ്വാഗതവും അനീസ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------