കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം മുസ്ലിം ലീഗ് തിരിച്ച് പിടിച്ചു.പുതിയ ചെയര്‍പേഴ്‌സണായി ഡോ. ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹനീഷ ചെയര്‍ പേഴ്‌സണായത്.

സി.പി.എമ്മിലെ അടാട്ടില്‍ റഷീദ വിട്ടുനിന്നപ്പോള്‍ ഫഹദ് നരിമടയ്ക്കലിന്റെ വോട്ട് ഹനീഷക്ക് ലഭിച്ചു.

 സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.

നേരത്തെ മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണായിരുന്ന ബുഷ്‌റ ഷബീറും വൈസ് ചെയര്‍മാനായിരുന്ന പി.പി ഉമ്മറും രാജിവെക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്റെ പിന്തുണയോടെ ലീഗ് വിമതരുടെ സഹായത്തോടെ കോട്ടക്കല്‍ നഗരസഭയുടെ ഭരണം സിപിഎം പിടിച്ചെടുത്തത്. അന്ന് 13 നെതിരെ 15 വോട്ടുകള്‍ക്കായിരുന്നു ചെയര്‍പേഴ്സനായി മുഹ്‌സിന പൂവന്‍മഠത്തിലിന്റെ വിജയം.

വൈസ് ചെയര്‍മാനായി പി പി ഉമ്മറിനെയും തെരഞ്ഞടുത്തിരുന്നു.

ഇതിനു പിന്നാലെ ഭരണം നഷ്ടപ്പെട്ട മുസ്ലിം ലീഗ് വിമതരുമായി അനുരഞ്ജന ചര്‍ച്ച നടത്തുകയും മുസ്ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിടാന്‍ തീരുമാനിക്കുകയുമായിരുന്നു.

അതോടൊപ്പം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കാനും ചര്‍ച്ചയില്‍ തീരുമാനമാനിച്ചു. ഇതിനു പിന്നാലെയാണ് വീണ്ടും നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ ലീഗ് ഭരണം തിരിച്ചു പിടിച്ചത്
____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------