തിരുവനന്തപുരം:കെഎസ്ആർടിസിയിൽ വരുമാനച്ചോർച്ച തടയുമെന്നും എല്ലാവിധ ചോർച്ചകളും അടയ്ക്കുകയാണു ലക്ഷ്യമെന്നും നിയുക്ത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആര്‍ടിസിയില്‍നിന്ന് ഒരു പൈസ പോലും മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട. മന്ത്രിയായി സന്ത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്നും കിട്ടിയാല്‍ സന്തോഷമെന്നും ഗണേഷ് അറിയിച്ചു.

ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ, തൊഴിലാളികളുടെ പിന്തുണയുണ്ടെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. അദ്ഭുതങ്ങൾ പ്രവർത്തിക്കാമെന്നൊന്നും പറയുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. പൊതുഗതാഗത രംഗത്ത് മാറ്റങ്ങൾ വരുത്താൻ പറ്റും. ഗതാഗത വകുപ്പാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് തീർച്ചയായും ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

കെഎസ്ആർടിസി വളരെ മോശം അവസ്ഥയിലാണ്. ഒരു പരിധിവരെ നന്നാക്കാൻ പറ്റും.അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ പറ്റും. എല്ലാവിധ ക്രമക്കേടുകളും ഇല്ലാതാക്കാം.എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോർച്ചകളും അടയ്ക്കുക. വരവ് വർധിക്കുന്നതിന് ഒപ്പം തന്നെ ചെലവിൽ നിയന്ത്രണം കൊണ്ടുവരിക. കെഎസ്ആർടിസിയുടെ ഒരു പൈസ ചോർന്നു പോകാതെയുള്ള നടപടിയായിരിക്കും.

ശരിക്കു പറഞ്ഞാൽ ബിവറേജസ്, മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റ്, ലോട്ടറി എന്നിവിടങ്ങളിൽനിന്നു മാത്രമേ നമ്മുടെ ധനകാര്യ ആവശ്യങ്ങൾക്ക് വരുമാനം ലഭിക്കുന്നുള്ളൂ. കേന്ദ്ര സർക്കാർ പരിപൂർണമായി അവഗണിക്കുകയും കടം വാങ്ങാനുള്ള നമ്മുടെ അവകാശത്തിൽ കൈവയ്ക്കുകയും ഒക്കെ ചെയ്യുകയാണ്. കേന്ദ്രത്തിൽനിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.


ജനങ്ങളെ പിഴിയാതെ എങ്ങനെയൊക്കെ വരുമാനം വർധിപ്പിക്കാം എന്നതു സംബന്ധിച്ച് ചില ആശയങ്ങളുണ്ട്. മൂന്നു കിലോമീറ്റർ മൈലേജ് കിട്ടുന്ന ഡീസൽ വണ്ടികളേക്കാൾ ഗ്രാമീണ മേഖലകളിൽ ചെറിയ ബസുകൾ വാങ്ങുക. അതിന് 7 കിലോമീറ്റർ വരെ മൈലേജ് കിട്ടും. കേരളത്തിന്റെ എല്ലാ ഗ്രാമീണ മേഖലകളിലും ബസ്സുകൾ ഉറപ്പാക്കുന്ന പദ്ധതി കൊണ്ടുവരും.’’ ഗണേഷ് പറഞ്ഞു.

മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലെന്ന് നിയുക്ത മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു._ _വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണെന്നും അത് എത്രയും വേഗം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ഇന്ന് ചുമതലയേൽക്കും. വൈകിട്ട് 4ന് രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

_______________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------