തിരുവനന്തപുരം: ഫീസ് സൗജന്യത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍ ആരംഭിക്കും. അദാലത്തുകളില്‍ ഭൂവുടമകള്‍ വീണ്ടും അപേക്ഷകള്‍ നല്‍കേണ്ടി വരില്ലെങ്കിലും നേരിട്ട് എത്തേണ്ടി വരും. നിലവില്‍ ഫോം ആറില്‍ ലഭിച്ച അപേക്ഷകള്‍ 27 റവന്യു ഡിവിഷന്‍ തലങ്ങളിലായി ആര്‍ഡിഒമാര്‍ പരിഗണിക്കുന്ന തരത്തിലാണ് അദാലത്തുകള്‍ നടത്തുക. കുറവ് അപേക്ഷകള്‍ ഉള്ള റവന്യു ഡിവിഷനുകളിലാകും ആദ്യം അദാലത്തുകള്‍. ഒന്നര മാസത്തിനകം മുഴുവന്‍ ഡിവിഷനുകളിലും അദാലത്തുകള്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. അദാലത്തുകളുടെ തുടര്‍ തിയതികള്‍ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് നിശ്ചയിക്കും. കൂടുതല്‍ അപേക്ഷകളുള്ള ജില്ലകളില്‍ രണ്ട് ദിവസം അദാലത്തുകള്‍ നടത്താന്‍ ആലോചനയുണ്ട്.


25 സെന്റില്‍ താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമായ അപേക്ഷകളാണ് ഫോം ആറില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇവ 1.26 ലക്ഷം വരും. ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ അദാലത്തുകളുടെ ഭാഗമാകും. പിന്തുടര്‍ച്ചാവകാശം വഴിയോ വില്‍പന വഴിയോ ലഭിച്ച 'നിലം' എന്നു രേഖപ്പെടുത്തിയ ഭൂമി, തരംമാറ്റാന്‍ ഫോം ആറില്‍ ലഭിച്ച അപേക്ഷകളില്‍, മുന്‍ ഭൂവുടമയ്ക്ക് ഉണ്ടായിരുന്ന സ്ഥലത്തിന്റെ വിസ്തൃതി 25 സെന്റില്‍ ഏറെയാണെങ്കില്‍ അത്തരം അപേക്ഷകള്‍ അദാലത്തുകളുടെ പരിഗണനയില്‍ വരില്ല.


_____________________

നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!!
------------------------------------------------------------------------------------------------