ചെന്നൈ:തീവ്ര ചുഴലി കൊടുങ്കാറ്റായി മാറിയ മിഗ് ജോ ചെന്നൈയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കനത്ത മഴയായി ചെന്നൈ നഗരത്തിൽ പതിച്ചപ്പോൾ മിന്നൽ പ്രളയമാണ് ഉണ്ടായത്. 2015ലെ വൻ പ്രളയം ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നഗരം. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ മണിക്കൂറോളം നിർത്തി വെച്ചു. ട്രെയിനുകളും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. തെക്കൻ ആന്ധ്ര തീരത്തേക്ക് നീങ്ങുന്ന ചുഴലി കൊടുങ്കാറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിൽ തൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ മ്യാൻമാർ പേരിട്ട ചുഴലിക്കാറ്റ് ചെന്നൈയ്ക്ക് പുറമേ സമീപ ജില്ലകളായ കാഞ്ചീപുരം ചെങ്ങൽപേട്ട് തിരുവള്ളൂർ എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും വൻനാശനഷ്ടമാണ് വിതച്ചത്. സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി  ടെലിഫോൺ ചർച്ച നടത്തി. ജനവിമാനത്താവളത്തിന്റെ റൺവേ അടച്ചിട്ടതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രയിൽ മൂന്നുദിവസം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.