ദുബൈ: പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി. തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം.എ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന്റെ ആ വലിയ യാത്രയ്ക്ക് ഇന്നേക്ക് 50 വര്‍ഷം തികയുകയാണ്.
പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി എം.എ യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26ന് പുറപ്പെട്ട് ഡിസംബര്‍ 31ന് ദുബൈ റാഷിദ് തുറമുഖത്തെത്തിയതുള്‍പ്പെടെയുള്ള എമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്‌പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ അബുദാബിയിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.
അന്ന് ബോംബെയില്‍ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് 1973 ഡിസംബര്‍ 31ന് വെറും 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന എം.എ യൂസഫലി ദുബൈയിലെത്തിയത്. ആറു ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെ കുറിച്ചും യൂസഫലി യുഎഇ പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു.
വാണിജ്യ, വ്യവസായ, സാമൂഹിക സേവന രംഗങ്ങളില്‍ നല്‍കിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ-അന്തര്‍ദേശിയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നല്‍കിയ പത്മശ്രീ, യുഎഇയുടെ ഉന്നത ബഹുമതിയായ അബുദാബി അവാര്‍ഡ്, ബഹ്‌റൈന്‍ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹ്‌റൈന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുള്‍പ്പെടും. അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നാമനിര്‍ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമര്‍പ്പണത്തോടെയും അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍ നിന്നുള്ള 69,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ് എന്ന വമ്പന്‍ സ്ഥാപനത്തിന്റെ മേധാവിയായി യൂസഫലി മാറിയതിന്റെ ചരിത്രം കുറിച്ചത്.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ അല്‍ നഹ്‌യാന്‍, അബുദാബി എമിറേറ്റിലെ പടിഞ്ഞാറന്‍ മേഖലാ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും സംബന്ധിച്ചു.

____________________ 

നിങ്ങളുടെ  നാട്ടിലെ  നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ ഈ ലിങ്കിൽ കയറി നിങ്ങളുടെ ജില്ല ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...!! 

------------------------------------------------------------------------------------------------