സുസുക്കിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട ശേഷം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്ക് ഇന്ത്യയില്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണ്. ചരിത്രത്തിലെ മികച്ച വര്‍ഷങ്ങളില്‍ ഒന്നായാണ് 2023 അടയാളപ്പെടുത്താന്‍ പോകുന്നത്. ടൊയോട്ട (Toyota) നിലവില്‍ മാരുതി സുസുക്കിയില്‍ (Maruti Suzuki) നിന്നുള്ള രണ്ട് മേഡലുകള്‍ റീബാഡ്ജ്ഡ് ചെയ്ത് വില്‍ക്കുന്നുണ്ട്.ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സ എന്ന പേരിലും എര്‍ട്ടിഗ എംപിവി റൂമിയോണ്‍ എന്ന പേരിലും വിപണിയിലെത്തിക്കുന്നു. ടൊയോട്ടയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ 40 ശതമാനത്തോളം റീബാഡ്ജ്ഡ് കാറുകള്‍ സംഭാവന ചെയ്യുന്നുവെന്നാണ് കണക്കുകള്‍. എംപിവി സെഗ്‌മെന്റില്‍ ഇന്നോവക്ക് താഴെ ഒരു മോഡല്‍ കൊണ്ടുവന്നത് ടൊയോട്ടക്ക് അക്ഷരാര്‍ത്ഥത്തില്‍ നേട്ടമായി. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് 2023 ഓഗസ്റ്റിലാണ് റൂമിയോണ്‍ എംപിവി രാജ്യത്ത് അവതരിപ്പിച്ചത്.
ലോഞ്ച് ചെയ്ത അന്ന് മുതല്‍ മികച്ച പ്രതികരണമാണ് എംപിവി നേടിയെടുക്കുന്നത്. ഡിമാന്‍ഡ് കൂടിയതോടെ 7 സീറ്റര്‍ എംപിവിയുടെ കാത്തിരിപ്പ് കാലയളവും കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് റൂമിയോണിനായുള്ള കാത്തിരിപ്പ് കാലയളവ് കുറഞ്ഞിരിക്കുകയാണ്. പെട്രോള്‍, സിഎന്‍ജി പതിപ്പുകളിലാണ് റൂമിയോണ്‍ രാജ്യത്ത് വാഗ്ദാനം ചെയ്യുന്നത്.നിലവില്‍ റൂമിയോണ്‍ എംപിവിയുടെ പെട്രോള്‍ വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ബുക്കിംഗ് ദിവസം മുതല്‍ 20 മുതല്‍ 24 ആഴ്ച വരെ കാത്തിരുന്നാല്‍ മതി. എന്നാല്‍ കസ്റ്റമര്‍ വണ്ടി ബുക്ക് ചെയ്യുന്ന പ്രദേശം, ഡീലര്‍ഷിപ്പ്, വേരിയന്റ്, നിറം, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഈ കാലയളവ് വ്യത്യാസപ്പെടാം. എന്നാല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള റൂമിയോണിന്റെ സിഎന്‍ജി പതിപ്പുകള്‍ക്കുള്ള ബുക്കിംഗ് ആഴ്ചകള്‍ക്ക് മുമ്പേ നിര്‍മാതാക്കള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
അഞ്ച് കളര്‍ ഓപ്ഷനുകളിലായി S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റൂമിയോണ വാങ്ങാന്‍ സാധിക്കു്ക. സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സില്‍വര്‍, ഐക്കോണിക് ഗ്രേ, റസ്റ്റിക് ബ്രൗണ്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. റൂമിയോണിനെ കുറിച്ച് പറയുമ്പോള്‍ എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ അതിന്റെ രൂപത്തില്‍ വളരെ കുറച്ച് സ്‌റ്റൈലിംഗ് പരിഷ്‌ക്കാരങ്ങള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ. എര്‍ട്ടിഗയുടെ റീബാഡ്ജ് മോഡലാണെങ്കിലും പ്രീമിയം ഫീല്‍ നല്‍കാനായി 'ബേബി ക്രിസ്റ്റ' ലുക്കിലാണ് എംപിവി ടൊയോട്ട പണിതിറക്കിയിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, മിനുക്കിയ ബമ്പര്‍ എന്നിവയെല്ലാം ടൊയോട്ട ഫീല്‍ നല്‍കുന്നു. ആദ്യ കാഴ്ച്ചയില്‍ തന്നെ റൂമിയോണ്‍ എര്‍ട്ടിഗയേക്കാള്‍ ആഡംബരത്തവും ആകര്‍ഷണവും നല്‍കുന്നുണ്ട്.