ഖത്തർ: കെഎംസിസി തിക്കോടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ തിക്കോടി പെരുമ കവിതാരചനാ മത്സരത്തിൽ സിറാജ് പുനത്തിൽ കുനി എഴുതിയ ഗസ ഒരു കണ്ണീരാണ് എന്ന കവിതക്ക് ഒന്നാം സമ്മാനം. സമ്മാന അർഹമായ കവിത വായനക്കായി ചുവടെ ചേർക്കുന്നു.
---------------------------------------------------------------
അടുത്ത ബോംബിന്റെ
നടുക്കത്തിനു മുമ്പെങ്കിലും
ഉറക്കണം മകനെ’-
യെന്നാര്‍ത്തു കരയുന്നു
പകച്ച കണ്ണുകള്‍.
വരണ്ട ചുണ്ടുകളി –
ലൊരിറ്റ് വെള്ളത്തെ
കിനാവ് കാണുന്നു
വിശന്ന നോവുകള്‍.
മരിച്ച കവിളുകളി
ലന്ത്യ ചുംബനം
കൊടുത്തു പിരിയുന്നു
നരച്ച സ്വപ്നങ്ങള്‍.
കനത്ത പാറ തൻ
തെറിച്ച ചീളിനെ
പകച്ചു നോക്കുന്നു
വിറച്ച കണ്ണുകള്‍
കറുത്ത ചോരയിൽ
പഴുത്ത നോവിനാൽ
വിതുമ്പി വീഴുന്നു
നനഞ്ഞ നയനങ്ങള്‍
ഇത് ഗസ്സ.
നാമറിയാത്ത
നോവിന്റെ കീറിയ പുസ്തകം
നാം തിരയാത്ത
കനവിന്റെ നരച്ച കുപ്പായം
ഹേ, നവലോക ഫറോവമാരേ,
നിങ്ങളുതിര്‍ക്കുക
ക്രൂരതയുടെ ആയിരം മിസൈലുകള്‍
നിങ്ങള്‍ വര്‍ഷിക്കുക
ആര്‍ത്തിയുടെ പരായിരം ബോംബുകള്‍
കുടിച്ചു തീര്‍ക്കുക
ഈ മനുഷ്യ രക്തങ്ങള്‍
ശേഷം നിങ്ങള്‍ അര്‍പ്പിക്കുമായിരിക്കും
ഒരു റീത്ത്
മനുഷ്യത്വത്തിന്റെ നെഞ്ചത്ത്.
.....................................................
സിറാജ് പുനത്തിൽ കുനി