രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കണോ? ഈ ലളിതമായ വ്യായാമം ചെയ്യുക! വേണ്ടത് ഒരു കസേര മാത്രം; പ്രമേഹ രോഗികൾക്കും മികച്ച ഒരു വ്യായാമം ആയിരിക്കും ഇത്.കാൽ കൊണ്ടുള്ള ലളിതമായ വ്യായാമങ്ങളിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ഈ വ്യായാമങ്ങൾ പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് ആശങ്കയുള്ളവർക്കും മികച്ചതാണ്. പരിമിതമായ ചലനശേഷി ഉള്ളവർക്കും ഇത് ചെയ്യാൻ എളുപ്പമാണ്. കാൽവണ്ണയ്ക്കുള്ളിലെ സോളിയസ് (soleus) പേശികൾ മാത്രം ഉപയോഗിച്ചുള്ളതാണ് ഈ വ്യായാമം. നിൽക്കുമ്പോഴും നടക്കുമ്പോഴും ബാലൻസ് നിലനിർത്താൻ നമ്മെ സഹായിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.
സമീപകാല ഗവേഷണങ്ങൾ സോളിയസ് പേശി വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
പുതിയ വെളിച്ചം വീശുന്നു. സ്ഥിരമായി സോളിയസ് മസിൽ വ്യായാമങ്ങൾ
ചെയ്യുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 മി ഗ്രാം വരെ ഗണ്യമായി
കുറയുന്നതായി ഗവേഷണങ്ങൾ പറയുന്നു. ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിനും
കൊഴുപ്പിന്റെ ഉപാപചയത്തിനും ഗുണകരമാണെന്നാണ് ഹൂസ്റ്റൺ യൂണിവേഴ്സിറ്റി
ഗവേഷകർ കണ്ടെത്തിയത്.
ഇവ കസേരയിൽ ഇരിക്കുമ്പോഴോ കിടക്കയിൽ
കിടക്കുമ്പോഴോ ചെയ്യാവുന്നതാണ്. സോളിയസ് പേശി ഗ്ലൈക്കോജൻ സംഭരിക്കുന്നില്ല.
ഇത് രക്തപ്രവാഹത്തിൽ നിന്ന് നേരിട്ട് ഗ്ലൂക്കോസ് ഉപയോഗിക്കുന്നു, അതിനാൽ
രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ ഇത് വേഗത്തിൽ പ്രവർത്തിക്കുന്നു. ഒരാൾ
ധാരാളം മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഈ വ്യായാമം വളരെ
ഉപയോഗപ്രദമാണ്.
എങ്ങനെ വ്യായാമം ചെയ്യാം?
ഇരുന്നിട്ട് കാൽവിരലുകളിലൂന്നി
ഉപ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുകയാണ് ഈ വ്യായാമത്തിലൂടെ
ചെയ്യുന്നത്. ദീർഘനേരം ഇരിക്കുന്നവരിൽ കാലിലെ രക്തക്കുഴലുകളിൽ രക്തം
കട്ടപിടിക്കുന്ന അവസ്ഥ വരാൻ സാധ്യതയുണ്ട്. ഇതു തടയാനും ആയാസമൊന്നുമില്ലാതെ
പേശികളുടെ ഊർജ ഉപഭോഗം വർധിപ്പിക്കാനും ഈ വ്യായാമം സഹായിക്കുമെന്ന് ഗവേഷകർ
ചൂണ്ടിക്കാട്ടുന്നു.