സ്ഥലം മാറിപ്പോകുന്ന ജയിൽ സൂപ്രണ്ടിനു വേണ്ടി തടവുകാർ ഇങ്ങനെ ഒരു സമരം ലോകത്തു എവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ സബർമതി ജയിലിൽ അതുണ്ടായി. മൂവായിരം തടവുകാരിൽ രണ്ടായിരം പേർ പ്രഭാതഭക്ഷണം ഉപേക്ഷിച്ചു നിരാഹാരം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടു. അവരുടെ പ്രിയങ്കരനായ സൂപ്രണ്ടിനെ ജയിലിലേക്ക് തിരികെ നിയമിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അത് നിരസിക്കപ്പെട്ടതിനെ തുടർന്ന് ആറു തടവുകാർ ആത്മഹത്യക്ക് ശ്രമിച്ചു.
തടവുകാരോട് സൗഹാർദ്ദത്തിൽ പെരുമാറുന്നു എന്നതായിരുന്നു അയാൾക്കെതിരായ കുറ്റം. അവർക്ക് മധുരം വിളമ്പുന്നു, അവരുടെ ക്ഷേമത്തിനു മുൻഗണന നൽകുന്നു, ഇതെല്ലാമായിരുന്നു അയാൾക്കെതിരായ കുറ്റപത്രം. വർഷങ്ങൾക്കു ശേഷം ഗുജറാത്ത് സർക്കാർ തടവുപുള്ളികളുടെ അന്നത്തെ ആവശ്യം നിറവേറ്റിക്കൊടുത്തു. അവരുടെ സൂപ്രണ്ടിനെ തിരികെ ജയിലിൽ എത്തിച്ചു. എന്നാൽ അത് ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഒരു തടവുപുള്ളി ആയിട്ടായിരിക്കുമെന്നു അവർ ഒരിക്കൽപോലും കരുതിയിട്ടുണ്ടാവില്ല.
ആ പഴയ സൂപ്രണ്ടിന്റെ ജയിൽവാസം തുടങ്ങിയിട്ട് ഇന്നു 5 വർഷവും 3 മാസവും 17 ദിവസവും. നീതിക്കു വേണ്ടി നിലയുറപ്പിച്ചതിനു ജീവിതം കൊണ്ടു നൽകേണ്ടിവന്ന വില. നഷ്ടപ്പെടാൻ ഒരുപാട് ഉണ്ടായിരുന്നിട്ടും സത്യത്തിനു വേണ്ടി തലയുയർത്താൻ കാണിച്ച സ്ഥൈര്യത്തിനു കൊടുക്കേണ്ടിവന്ന ശിഷ്ടജീവിതം.
സഞ്ജീവ് ഭട്ട്
ആ മനുഷ്യനു ഇന്നു അറുപത് വയസ്സ് തികയുകയണ്...
നീതി പീഠം എന്ന് കനിയും???!!