തിരുവനന്തപുരം:പഞ്ചായത്ത് രാജ്-മുൻസിപ്പൽ ചട്ടം ഭേദഗതി ഓർഡിനൻസിലൂടെ ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ നിഷേധിക്കപ്പെടും. പുതിയ ഓർഡിനൻസ് പ്രകാരം മാലിന്യം വേർതിരിക്കൽ, ശേഖരണം, ഗതാഗതം, സംഭരണം, സംസ്കരണം, കയ്യൊഴിയല്‍ എന്നിവ ഇനിമുതൽ തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. സേവനങ്ങൾക്ക് ഹരിത കർമ്മ സേനക്ക് ഫീസ് നൽകേണ്ടത് നിയമപരമായ ബാധ്യതയുമാണ്. സേവനങ്ങൾക്ക് യൂസർ ഫീ ഇനത്തിൽ പൊതുജനങ്ങളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ഓർഡിനൻസ് പ്രകാരം ഫീസ് ഈടാക്കാൻ സാധിക്കുന്നതാണ്. യൂസർ ഫീ നൽകാത്തവരിൽ നിന്നും 50 ശതമാനം പിഴ ഈടാക്കുവാനും സാധിക്കുന്നതാണ്. ആൾപാർപ്പ് ഇല്ലാത്ത വീടുകളെ അടക്കുന്നതിൽ നിന്നും പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. ഒരോ ഗ്രാമപഞ്ചായത്തും മാലിന്യ സംസ്കരണത്തിന് പുറംപോക്കോ സ്വകാര്യഭൂമിയോ കണ്ടെത്തണം. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾക്ക് സമീപമുള്ള താമസക്കാർക്ക് സർക്കാർ പുറപ്പെടുവിക്കുന്നത് പ്രകാരം നികുതി ഇളവുകളോ ക്ഷേമ പദ്ധതികൾ ഉൾപ്പെടെ പ്രോത്സാഹനങ്ങളോ ലഭ്യമാക്കാം.