കൊയിലാണ്ടി: പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി അഗ്നി സുരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന വളണ്ടിയർ വിഭാഗമായ സിവിൽ ഡിഫൻസ് കൊയിലാണ്ടിയിൽ ഫയർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് ദിനം ആചരിച്ചു.

കേരളത്തിലെ 124  ഫയർ സ്റ്റേഷനുകളുടെ കീഴിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ വളണ്ടിയർ   പദ്ധതിയാണ് സിവിൽ ഡിഫൻസ്. പ്രാദേശിക, ജില്ല,സംസ്ഥാന തലങ്ങളിൽ പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സർക്കാർ പ്രത്യേക യൂണിഫോമും ഐഡി കാർഡും അനുവദിച്ചിട്ടുണ്ട്. ആപത്ഘട്ടങ്ങളിൽ അഗ്നി രക്ഷാപ്രവർത്തനങ്ങളിൽ അഗ്നി സേന വിഭാഗവുമായി ഒന്നിച്ച് പ്രവർത്തിക്കുകയാണ്  സിവിൽ ഡിഫൻസ് അംഗങ്ങളുടെ കർത്തവ്യം.



സ്കൂൾ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനും ജലാശയ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ, പ്രാഥമിക ആരോഗ്യ സുരക്ഷ ട്രെയിനിങ്, പ്രകൃതി ദുരന്ത  സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം, അപകടങ്ങളിൽ പെടുന്ന ആളുകൾക്ക് പ്രാഥമിക ചികിത്സ സഹായം നൽകുക,സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അടക്കമുള്ളവർക്ക് ദുരന്ത പ്രതിരോധ അതിജീവന പരിശീലനം സംഘടിപ്പിക്കുക, ദുരന്തമുഖങ്ങളിൽ  പോലീസ്, അഗ്നിശമനസേന,മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക തുടങ്ങിയ വ്യത്യസ്തമായ കർമ്മ പദ്ധതികളുമായി കേരള സർക്കാരിന്റെ കീഴിൽ ആരംഭിച്ച വളണ്ടിയർ സംവിധാനമാണ് സിവിൽ ഡിഫൻസ്. പൂർണ്ണമായും വളണ്ടിയർ സേവനം നൽകുന്ന ചെറുപ്പക്കാരായ ആളുകളുടെ ഒരു നിരയാണ് ഇതിനെ മുന്നോട്ടു നയിക്കുന്നത്.


ഡിസംബർ 6 സിവിൽ ഡിഫൻസ് ഹോംഗാർഡ്സ് റൈസിംഗ് ഡേ യുടെ ഭാഗമായി കൊയിലാണ്ടി നിലയത്തിൽ ബഹു: LF  മാരായ ബാബു, മജീദ്  എന്നിവർ പതാക ഉയർത്തി. തുടർന്ന് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.  പരിപാടിയിൽ  നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും മറ്റു സേനാംഗങ്ങും പങ്കെടുത്തു.

കൊയിലാണ്ടിയിൽ  മികച്ച  പ്രവർത്തനം  കാഴ്‌ച  വെക്കുന്ന  സിവിൽ  ഡിഫൻസ്  വളണ്ടിയർമാർ വിവിധ  സർക്കാർ  പരിപാടികളിൽ സുരക്ഷ  ഒരുക്കുന്നതിൽ  ഭാഗമാവാറുണ്ട് . എല്ലാ വർഷവും സിവിൽ  ഡിഫൻസ്  അംഗങ്ങളുടെ  പ്രവർത്തന വിലയിരുത്തന്നതിനും  അനുഭവങ്ങളും മികച്ച ഇടപെടലുകളും പങ്കുവയ്ക്കുന്നതിനും സഹായകമാകുന്നവിധം റിഫ്രഷർ പരിശീലനങ്ങൾ ക്രമീകരിക്കുകയും മികച്ചതും തനതായതുമായ സേവനം കാഴ്ചവയ്ക്കുന്ന വോളണ്ടിയർമാർക്കും യൂണിറ്റിനും പ്രശംസാപത്രങ്ങൾ നൽകുകയും ചെയ്യാറുണ്ട് .