യാത്രകൾക്ക് നാം ഒരുങ്ങുക പതിവാണ്... ഒരുക്കങ്ങൾ ഇല്ലാത്ത യാത്രകൾ നമുക്കു സമ്മാനിക്കുന്നത് ജീവിതത്തിലെ ചില പ്രത്യേക ഓർമ്മകളാണ്. സ്കൂട്ടറിൽ തിക്കോടിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോയ എന്റെ യാത്രാവസാനിപ്പിച്ചത് മൈസൂരിലാണ് അതാണ് ഇവിടെ നിങ്ങളോടൊപ്പം പങ്കുവെക്കുന്നത്.....
രാവിലെ 6:00 മണി, സുഹൃത്ത് നിഷാദിനെയും കൂട്ടി സാരംഗ് സ്ഥാപകൻ ഗോപാലകൃഷ്ണൻ മാസ്റ്ററെ കാണാം എന്ന് കരുതി ഒരു യാത്ര തിരിക്കാൻ തീരുമാനിച്ചതാണ്. അദ്ദേഹം ചില അസൗകര്യങ്ങൾ അറിയിച്ചതിനാൽ ആ യാത്ര മാറ്റിവെക്കേണ്ടി വന്നു. തീരുമാനിച്ചതല്ലേ എങ്ങോട്ടെങ്കിലും വിട്ടാലോ...രാവിലെ ആറിന് തന്നെ കൊയിലാണ്ടിയിലെ നിഷാദിന്റെ വീട്ടിൽ ഞാൻ സ്കൂട്ടറിൽ എത്തി. മിക്കപ്പോഴും യാത്രകളിൽ കാറോ ഇരുചക്ര വാഹനമോ കൂട്ടായി ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ അത് വേണ്ടെന്ന് ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചു. ആദ്യം ബസ്സിൽ കോഴിക്കോട്ടേക്ക് വെച്ച് പിടിക്കാം എന്ന് തീരുമാനമായി.എങ്ങോട്ട് എന്ന് അവിടെ എത്തിയിട്ട് തീരുമാനിക്കാം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ സമയം 7 :15 ന് എത്തിച്ചേർന്നു.
സ്റ്റാൻഡിൽ ഇറങ്ങിയ സമയത്ത് തന്നെ കെഎസ്ആർടിസിയുടെ ഒരു സ്വിഫ്റ്റ് ബസ് എട്ട് പേരുമായി മാനന്തവാടി ലക്ഷ്യമാക്കി പോകുന്നു എന്നറിഞ്ഞു. ഞങ്ങളെ കൂടാതെ മറ്റ് ആറ് പേരുമായി ബസ് യാത്ര തുടങ്ങി.കെഎസ്ആർടിസി എന്ന പ്രസ്ഥാനം എങ്ങിനെ ഓരോ വർഷവും നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന് ഞങ്ങൾക്ക് തിരിച്ചറിവ് യാത്ര വഴി മനസ്സിലായി 😜.
ബസ്സ് യാത്രയുടെ സുഖം ആനവണ്ടിയിൽ തന്നെ. മനോഹരമായ ഡ്രൈവ് ചെയ്ത ഡ്രൈവർ റോഡിലെ ഒരു പ്രയാസവും യാത്രക്കാരെ അറിയിക്കാതെ വാഹനം മുന്നോട്ടു കൊണ്ടുപോയി. കെഎസ്ആർടിസി ബസിലെ ആ നിശബ്ദത തന്നെ മനസ്സിൽ സമാധാനമേകി.ഞാൻ ആദ്യം കരുതിയത് സ്വിഫ്റ്റ് ബസ്സിൽ ഓൺലൈൻ വഴി റിസർവ് ടിക്കറ്റ് എടുക്കൽ നിർബന്ധമാണ് എന്നാണ്. കണ്ടക്ടർ യാത്ര പുറപ്പെടും മുമ്പേ ടിക്കറ്റ് തന്നു. നല്ല വ്യക്തിത്വത്തിന്റെ ഉടമകളായ ഡ്രൈവറും കണ്ടക്ടറും യുവാക്കൾ ആണ്.ബസ് പകുതി ദൂരത്ത് നിന്നും മറ്റൊരാൾ മാറ്റി ഓടിച്ചതോടുകൂടി ആരാണ് കണ്ടക്ടർ ആരാണ് ഡ്രൈവർ എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാൻ കഴിഞ്ഞില്ല.രണ്ടുപേരും രണ്ടും ആയിരിന്നു. വാഹനത്തിന്റെ യാത്രയാവട്ടെ വളരെ സൗകര്യവും സുന്ദരവുമായിരുന്നു. എന്നിട്ടും ഈ പ്രസ്ഥാനം എന്ത് കൊണ്ട് നഷ്ടത്തിലേക്ക് പോകുന്നു എന്ന് ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു. കെഎസ്ആർടിസിയുടെ സ്വന്തം കൊറിയർ സർവീസ്, കെഎസ്ആർടിസി പാക്കേജ് ടൂറിസം, കെഎസ്ആർടിസി ചാറ്റ് ട്രാവൽ ടൂറിസം, കെ എസ് ആർ ടി സി സഞ്ചാര ഹോട്ടലുകൾ എന്നിങ്ങനെ വിവിധ കെഎസ്ആർടിസിരക്ഷാ പാക്കേജുകൾ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.
വാഹനം മനോഹരമായി താമരശ്ശേരി ചുരത്തിന്റെ പതിവ് ട്രാഫിക്കുകൾ മറികടന്ന് വയനാട്ടിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. വയനാടൻ കാറ്റിന്റെ കുളിർമ ഞങ്ങൾക്ക് അനുഭവിച്ചു തുടങ്ങി. വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ ആരംഭിച്ച എന്നൂര് (ആദിവാസികളുടെ ഗ്രാമീണ ജീവിതം അടുത്തറിയാൻ ഉണ്ടാക്കിയ വിനോദ സഞ്ചാര കേന്ദ്രം)ന്റെ കവാടം കാണാൻ സാധിച്ചു. ബസ് മാനന്തവാടിയിലേക്ക് എത്തുമ്പോഴേക്കും ഇവിടുത്തെ സർക്കാർ സംവിധാനങ്ങളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു കൊണ്ടേയിരുന്നു. ഫലസ്തീൻ മണ്ണിൽ നടക്കുന്ന സംഘർഷത്തിന് ഇവിടെ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തിയത് കൊണ്ട് പെട്ടെന്ന് ഒന്നും അവിടെ സംഭവിക്കില്ല എന്നറിഞ്ഞിട്ടും നാം പ്രതിഷേധം പ്രകടനങ്ങൾക്ക് വേണ്ടി ആളെ കൂട്ടുന്നതുപോലെ ഞങ്ങളുടെ ചർച്ചകൾ മുന്നേറിക്കൊണ്ടിരുന്നു. ചർച്ചകളിൽ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയും സർക്കാർ നിലപാടുകളും സോഷ്യൽ മീഡിയ, ജോലിസ്ഥലത്തെ മാനസിക സംഘർഷങ്ങൾ, മത ബോധങ്ങളിൽ നിന്ന് അകലുന്ന യുവത്വം, ഇങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ കടന്നുവന്നു.
വയനാടിന്‍റെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചു യാത്ര തുടരുന്നതിനിടയിൽ എങ്ങോട്ടേക്ക് എന്ന ചോദ്യം വന്നു. മാനന്തവാടി ബസ്സിറങ്ങി പ്രഭാത ഭക്ഷണം കഴിഞ്ഞു തീരുമാനിക്കാം എന്ന് കരുതി. മാനന്തവാടി വലിയ ഒരു ടൌൺഷിപ്പ് അല്ല. പഴയ ഓട് കെട്ടിടങ്ങൾ ചില കോൺക്രീറ്റ് ബിൽഡിംങ്ങും കാണാം. ബസ് സ്റ്റാൻഡിന് മനസ്സിൽ വിചാരിച്ച വലുപ്പമില്ല. എന്നാൽ ജനങ്ങളുടെ മനസ്സിന് വലുപ്പം കാണാം. നല്ല പ്രഭാത ഭക്ഷണം എവിടെ കിട്ടും എന്ന് ലോട്ടറി വിൽക്കാൻ എത്തിയ ആളോട് ചോദിച്ചു. അദ്ദേഹം കോഫി ഹൗസിലേക്ക് പോ കുന്നതാണ് നല്ലതെന്ന് പറഞ്ഞു. എന്നാൽ അങ്ങനെ ആവട്ടെ. രാജഭരണ കാലത്തെ ഓർമിപ്പിക്കുന്ന തലപ്പാവുള്ള വെയിറ്റർമാർ വന്നു ഓർഡർ എടുത്തു. അവർക്ക് യൂണിഫോം ആയി നൽകിയ തൂവെള്ള വസ്ത്രം അതിലെ അഴുക്കുകൊണ്ട് ഉപഭോക്താവിന് അസ്വസ്ഥത സൃഷ്ടിക്കുന്ന തരത്തിൽ ആയി മാറിയിട്ടുണ്ട്. എന്നാൽ പുരാതന വസ്ത്രം ആനവണ്ടിയെപ്പോലെ വ്യത്യസ്ത നിലനിർത്തുന്നതും വരുന്ന ഉപഭോക്താക്കൾക്ക് കൗതുകം ഇളവാക്കുന്നതും ആണ്. കോഫി ഷോപ്പിൽ നല്ല മസാല ദോശയും ചായയും കുടിച്ചു. രണ്ടുപേർക്കും കൂടി ബിൽ തുക 170 മാത്രം. ചെറിയ പണത്തിൽ നല്ല ഭക്ഷണം. സംതൃപ്തി 50:50.
ഞങ്ങൾ ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. പക്ഷേ വഴി മാറി എത്തിയത് ഒരു ഫോറസ്റ്റ് ഓഫീസിന്റെ മുന്നിൽ. മുന്നിൽ വീണ്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു ലോട്ടറിക്കാരൻ. ഞങ്ങളോട് അദ്ദേഹം ഒരു ടൂറിസ്റ്റ് ഗൈഡിനെ പോലെ ചില സ്ഥലങ്ങൾ സന്ദർശനത്തിനായി ലിസ്റ്റ് ചെയ്തു തന്നു.അദ്ദേഹം പറഞ്ഞ ചില സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് എടുത്തു ദൂരമളന്നു. നറുക്ക് വീണത് കുറുവ ദ്വീപിനായിരുന്നു. അങ്ങോട്ടുള്ള ബസ് കയറാൻ സ്റ്റാൻഡിലേക്ക് നടന്നു. എന്നാൽ സ്റ്റാൻഡ് എത്തുന്നതിന് മുൻപേയുള്ള മറ്റൊരു ബസ്റ്റോപ്പിൽ നിന്നാൽ കുറുവയിലേക്ക് പോകുന്ന റോഡിലുള്ള കാട്ടിക്കുളം എന്ന സ്ഥലത്തെത്താം എന്ന് നാരങ്ങ കച്ചവടക്കാരൻ പറഞ്ഞു.പ്രൈവറ്റ് ബസുകൾ ഒന്ന് രണ്ട് വന്നു പോയി. ആനവണ്ടി അഡിക്റ്റായ ഞങ്ങൾ മറ്റൊരു ആന വണ്ടി വരുന്നത് വരെ കാത്തിരുന്നു. ആനവണ്ടി എത്തി, വ്യത്യസ്ത സീറ്റുകളിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. കൂട്ടുകാരൻ കൂടെ ഇരിക്കുന്ന ആളോട് സംസാരം തുടങ്ങി. പിന്നെ പതുക്കെ ഞാനും.
ബസ്സിലും ട്രെയിനിലും നമുക്ക് ലഭിക്കുന്ന സൗഭാഗ്യമാണത്. അടുത്തിരുന്ന വിദ്യാർത്ഥി എന്ന് തോന്നിപ്പിച്ച ചെറുപ്പക്കാരനോട് ചോദിച്ചു. എങ്ങോട്ടാണ് യാത്ര.... കോളേജിൽ നിന്ന് വീട്ടിലേക്കാണ്. കർണാടകയിലെ കുടക് ജില്ലയിൽ വരുന്ന കുട്ട എന്ന പ്രദേശത്തേക്ക് അയാളുടെ വീട്. കുടകിന്റെ ദിശയിലേക്കാണ് സഞ്ചാരം എന്നറിഞ്ഞപ്പോൾ കുടക് കാണണമെന്ന് മനസ്സ് പറഞ്ഞു. ആൾ വാതോരാതെ വീട്ടു വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.എല്ലാം കേട്ട് ഞാനും.അതിനിടയിൽ കുടകിന്റെ വിശേഷം അന്വേഷിച്ച് കൊണ്ടിരുന്നു.നിങ്ങൾ ഇറങ്ങേണ്ട സ്ഥലം അടുത്ത സ്റ്റോപ്പ് ആണ് .ചെറുപ്പക്കാരൻ എന്നെ അറിയിച്ചു.പിന്നെ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ വെമ്പുന്ന പ്രവാസി മനസ്സോടെ ബസ്സിൽ നിന്നും കൂട്ടുകാരനെ വിളിച്ചു ഞാൻ ഇറങ്ങി.
കാട്ടിക്കുളം ഒരു ചെറിയ ടൗൺ ആണ്.വലിയ ഒരു ജനവാസ മേഖല കവര്‍ ചെയ്യുന്ന ടൌണ്‍ ആണെങ്കിലും തിരക്ക് കുറവ് ആണ്.ബസ് സ്റ്റാൻഡ് പരിസരത്ത് ആദിവാസി ഗോത്രത്തിൽപെടുന്ന ആളുകളെ കാണാൻ സാധിച്ചു.പ്രാർത്ഥന പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് തന്നെയുണ്ട്. പ്രാർത്ഥന പൂർത്തിയായപ്പോൾ ഒരു ഫ്രഷ്‌നെസ്സ് അനുഭവിക്കാൻ സാധിച്ചു. കുറുവ ദ്വീപിലേക്ക് ഏതാണ്ട് ഒരു 9 കിലോമീറ്റർ ആണ് ദൂരം. കുറുവ ദ്വീപ് നിൽക്കുന്ന സ്ഥലത്തിന് പാൽ വെളിച്ചം എന്നാണ് പറയുക.പാൽ വെളിച്ചത്തിലേക്ക് ആനവണ്ടി ഇല്ല.മാനസിക നില തെറ്റി ബസ്റ്റാൻഡിൽ നിന്നും എന്തൊക്കെയോ വിളിച്ചു പറയുന്ന ആളെ നോക്കിയപ്പോൾ ദൈവത്തെ വീണ്ടും സ്തുതിച്ചു . നമുക്ക് ചുറ്റും ഇത്തരത്തിൽ എത്ര മനുഷ്യരാണ്.
പാൽവെളിച്ചം ബസ്സിൽ കയറി നാട്ടുകാർ എന്ന് തോന്നിച്ച ഒരാളോട് ഇറങ്ങേണ്ട സ്റ്റോപ്പിന് കുറിച്ച് ചോദിച്ചു. പാൽ വിളിച്ചം എത്തുന്നതിനു മുമ്പ് ഇറങ്ങിയാൽ ഒരു കുറുക്കുവഴി ഉണ്ട് എന്ന് ആൾ അറിയിച്ചു. സ്റ്റോപ്പ് എത്തിയപ്പോൾ അദ്ദേഹവും ഞങ്ങളും ഇറങ്ങി. ഒരു കോൺക്രീറ്റ് റോഡ് ചൂണ്ടിക്കാണിച്ചു ഈ വഴിക്ക് പോയാൽ എളുപ്പം അങ്ങ് എത്താം എന്ന് അറിയിച്ചു. ആ റോഡ് അവസാനിച്ചത് ഒരു കാപ്പിത്തോട്ടത്തിലായിരുന്നു. എവിടെനിന്നോ ഒരു നായ കുരച്ചുകൊണ്ട് ഓടി വന്നു. അധികാരപരിധിയിൽ ഞങ്ങൾക്കെന്തു കാര്യം അവൻ ചോദിച്ചു.കല്ലിനായി ഞങ്ങൾ പരതി. കല്ലുകൊണ്ട് എറിയുന്നത് പോലെ ചെയ്തപ്പോൾ അവൻ മടങ്ങി.കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോൾ അങ്ങ് കുറുവാ ദ്വീപിലെ സന്ദർശകർ വന്നവാഹനങ്ങൾ കാണാം.ഏതാണ്ട് ഒരു കിലോമീറ്റർ നടന്നപ്പോൾ വയനാടിന്റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഒരു മുതൽക്കൂട്ടായ കുറുവദീപ് പരിസരത്ത് ഞങ്ങൾ എത്തി.
പരിസരത്തുള്ള അമ്പല പ്രദേശത്ത് താമസമാക്കിയ കുരങ്ങന്മാർ ഒരു വിദേശിയോടൊപ്പം വന്ന നായ കബനി നദിയിൽ ഇറങ്ങി വെള്ളം കുടിക്കുന്നത് തടയുന്നതിനായി വഴക്ക് ഉണ്ടാക്കിക്കൊണ്ടിരുന്നു. അവസാനം എനിക്ക് നിങ്ങളുടെ വീര്യം ഉള്ള വെള്ളം വേണ്ടേ എന്നു ഇംഗ്ലീഷിൽ തെറി പറഞ്ഞു നായ തിരിച്ചുപോയി.
ടിക്കറ്റ് കൗണ്ടറിൽ ഞങ്ങളെയും കാത്ത് ഒരു സന്തോഷ വാർത്തയുണ്ടായിരുന്നു. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഒരു ദിവസം 575 പേർക്ക് മാത്രം പ്രവേശനം നൽകുന്ന ടിക്കറ്റ് ഏതാണ്ട് 11 മണിക്ക് കഴിഞ്ഞു പോയി. ടിക്കറ്റ് ചാർജ് 110 രൂപയാണ്. ഇനിയുള്ളത് ചങ്ങാട യാത്രയാണ് 200 രൂപ കൊടുത്താൽ രണ്ടുപേർക്കും 400 രൂപ കൊടുത്താൽ അഞ്ച് പേർക്കും പോകാം.
നാട് കാണാൻ വരുന്ന വിദേശിയെ പറ്റിച്ചു അമിതചാർജ് വാങ്ങരുത് എന്ന് ടാക്സി ഡ്രൈവർമാരെയും ഹോട്ടലുകാരെയും ഇടക്ക് ഉപദേശിക്കുന്ന നമ്മുടെ സർക്കാർ സംവിധാനം 110നു പകരം 200 രൂപ വിദേശികളുടെ ഫീസ് ആക്കി മാതൃക കാണിച്ചിട്ടുണ്ട്. നന്മ എവിടെ കണ്ടാലും പറയാതെ വയ്യ 🤣. നമ്മുടെ ടൂറിസം സെന്ററുകളിൽ പലയിടത്തും ഈ മാതൃക കണ്ടിട്ടുണ്ട്. വിദേശ ടൂറിസ്റ്റിനോട് എങ്ങിനെ നമ്മൾ പെരുമാറണം എന്ന് പെരുമാറ്റ ചട്ടത്തിനു പോലും ഈ റേറ്റ് ബോർഡ് ഒരു മാതൃകയാണ്😜.
ഏതാണ്ട് ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. ഈ ദീപിനെ ചുറ്റിപ്പറ്റി ഒരുപാട് പേരുടെ ഉപജീവനം കഴിയുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു.കാലിയായ ഹോട്ടലുകാർ ഊണിനായി ആളുകളെ ക്ഷണിച്ചുകൊണ്ടേയിരുന്നു. ഒന്നര കിലോമീറ്റർ നടന്നാൽ വീണ്ടും ബസ് കിട്ടും. ഒരു വലിയ കയറ്റം കയറിവണം അവിടെ എത്താൻ. അതിനിടയിൽ ഒരുപാട് കുടുംബശ്രീ ഹോട്ടലുകൾ. ഒരു ചേച്ചിയുടെ ക്ഷണം സ്വീകരിച്ച് ഒരു കുടുംബശ്രീ ഹോട്ടലിൽ ഇന്നത്തെ ഊണ്. 180 രൂപയ്ക്ക് രണ്ടുപേർക്ക് തനി നാടൻ ഊണ്. ബാക്കി വന്ന 20 രൂപ ചേച്ചിയോട് ടിപ്സ് വെക്കാൻ പറഞ്ഞപ്പോൾ ചേച്ചിക്ക് ഒരു മടി. അവിടെ ആരും ആ അങ്ങിനെ കൊടുക്കുന്ന പതിവില്ല പോലും. അന്നന്നത്തെ അന്നത്തിന് കച്ച മുറുക്കി ഇറങ്ങിയ ഈ സ്ത്രീ വിപ്ലവകാരികൾക്കല്ലാതെ മറ്റാർക്കാണ് ടിപ്സ് നൽകേണ്ടത്. ചേച്ചിമാരോട് യാത്ര പറഞ്ഞു ഞങ്ങൾ നടന്നു. അഞ്ചോ ആറോ കുടുംബശ്രീ ഹോട്ടലുകൾ വീണ്ടും കണ്ടു. ആരെങ്കിലും കയറിവരുന്നതും കാത്തു പലരും വെറുതെയിരിക്കുന്നു. എന്നാൽ ചില ഹോട്ടലുകളിൽ തിരക്ക് കാണാം. വാഹനങ്ങൾ വരുമ്പോൾ മുൻകൂട്ടി ഓർഡർ സ്വീകരിച്ച ഭക്ഷണമുണ്ടാക്കി കൊടുക്കുകയാണ് പതിവ് എന്ന് ബസ് സ്റ്റോപ്പിന് അരികെ ചെറിയ ഒരു കച്ചവടം ചെയ്യുന്ന എറണാകുളത്തു നിന്നും കുടിയേറിയ സോമേട്ടൻ അറിയിച്ചു. നാട്ടുവർത്തമാനങ്ങൾ സോമേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു ഞങ്ങൾ കേട്ടും. അവസാനം മൂപ്പരുടെ അനുജനെ ആന ചവിട്ടി കൊന്ന കഥ പറഞ്ഞപ്പോൾ രംഗം ശോകമൂകമായി.
ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും കാട്ടിക്കുളം എത്താം എന്ന് പറഞ്ഞപ്പോൾ മാഗല്ലന്റെ യാത്ര പോലെ അതും ഒരു അതിശയമായി. കാട്ടിക്കുളത്തു നിന്നും പാൽവെളിച്ചം വഴി കാട്ടിക്കുളത്തേക്ക് തന്നെ പോകുന്ന ബസ് ഞങ്ങളുടെ സംസാരമധ്യേ ഞങ്ങൾ അറിയാതെ കടന്നുപോയി. ഇടത്തോട്ട് പോയാൽ കാനനഭംഗി ആസ്വദിച്ചു കൊണ്ട് 40 രൂപ കൊടുത്തു രണ്ടുപേർക്ക് ഓട്ടോ കയറി യാത്ര പോവാം എന്ന് സോമേട്ടൻ പറഞ്ഞു. പറഞ്ഞുതീരും മുമ്പേ ഒരു ഓട്ടോക്കാരൻ വന്നു നിർത്തി. ചെറിയ നിമിഷം കൊണ്ട് സ്നേഹം സമ്മാനിച്ച സോമേട്ടനോട് വീണ്ടും കാണാം എന്നു പറഞ്ഞു ഞങ്ങൾ ഓട്ടോയിൽ കയറി.
മനോഹരമായ കാട്ടു പാത. ഓട്ടോക്കാരൻ ബിനുവിനോട് കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. പ്രദേശവാസിയായ ബിനു ഫോറസ്റ്റ് സ്ഥലങ്ങളും കയ്യേറിയ സ്ഥലങ്ങളും ഒക്കെ ചൂണ്ടിക്കാണിച്ചു തന്നു. സ്ഥലത്ത് റോഡ് സൈഡിൽ വില്പന വില ഏതാണ്ട് ഒരു സെന്റിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെ. കാട്ടു ജീവികളെ ഒന്നും കണ്ടില്ലെങ്കിലും ആ തണലിൽ അങ്ങനെ ഒരു ഓട്ടോയിൽ യാത്ര...അതും മനോഹരമായിരിക്കുന്നു. കാട്ടിക്കുളം ബസ് സ്റ്റാൻഡിൽ ഞങ്ങളെ ഇറക്കി. ₹40 രൂപ മാത്രം ഡ്രൈവർ വാങ്ങിയുള്ളൂ. ഇവിടെ പറ്റിക്കുന്നതും കൊള്ളയടിക്കുന്നതും ജനങ്ങളെല്ലെന്നും പല അവസരങ്ങളിലും സർക്കാർ ആണെന്നും ഞങ്ങൾ പരസ്പരം പറഞ്ഞു. ബസ് സ്റ്റാൻഡിൽ ഉള്ള ബേക്കറിയിൽ കയറി ഒരു ചായ കുടിച്ചു. ബസ്സുകൾ അല്ലാതെ അന്യവാഹനങ്ങൾ നിർത്തരുത് എന്ന ബോർഡ് അവിടെ കണ്ടു. പക്ഷേ ബസ്സുകളെ കണ്ടില്ല പകരം പ്രൈവറ്റ് വാഹനങ്ങൾ അവിടെ ഇവിടെയായിട്ട് നിർത്തിയിരുന്നു. കുടക് പോയി ഒന്ന് കണ്ടാലോ സുഹൃത്തിനോട് അടുത്ത ഡെസ്റ്റിനേഷനെ കുറിച്ച് ചർച്ചയായി. തോൽപ്പട്ടി വഴി കുടകിലെ കുട്ട എന്ന പ്രദേശത്തേക്ക് ബസ് ഉണ്ട് എന്ന് അറിഞ്ഞു.
ബസ് കാത്ത് ഇരിപ്പിനിടയിൽ ഒന്ന് രണ്ട് പ്രൈവറ്റ് ബസുകൾ വന്നു. ആനവണ്ടിക്കായി വീണ്ടും കാത്തിരുന്നു. അതാ സമയം തെറ്റിയ ഒരു ആനവണ്ടി. ബോർഡ് വെച്ചത് പക്ഷേ കുട്ടയല്ല പകരം മൈസൂർ ആണ്. ആളൊഴിഞ്ഞ ആനവണ്ടി കണ്ടപ്പോൾ ഒരു ചർച്ചയും കൂടാതെ നിമിഷ നേരം കൊണ്ട് ഡെസ്റ്റിനേഷൻ മാറ്റി. ഇന്ന് നമുക്ക് ലഭിക്കുന്ന അവസരങ്ങൾ നാളെ നമുക്ക് ലഭിക്കണമെന്നില്ലല്ലോ. ആവട്ടെ ആനവണ്ടിയിൽ ഒരു മൈസൂർ യാത്ര😄.
കാട്ടികുളത്ത് നിന്നും കാനനപാതയിലൂടെ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ ബോർഡറായ ബാബലിയിലെത്തി. ബസ്സിൽ ആയതുകൊണ്ട് അവിടെ കാലതാമസം ഒന്നുമില്ല. പിന്നീട് അങ്ങോട്ട് വീണ്ടും കിലോമീറ്ററോളം വനപ്രദേശങ്ങൾ തന്നെയായിരുന്നു. റോഡ് കേരള ഭാഗത്ത് വളരെ മനോഹരവും മികച്ച ടാറിങ് ചെയ്തതും ആയിരുന്നു. എന്നാൽ കർണാടക ഭാഗത്ത് ഈ റൂട്ടിലുള്ള റോഡ് വളരെ മോശം തന്നെയായിരുന്നു. ഏതാണ്ട് ഒരു വാഹനത്തിന് കടന്നുപോകാൻ പറ്റുന്ന തരത്തിൽ ആയിരുന്നു റോഡിന്റെ നിർമ്മാണം. രണ്ടു ഭാഗങ്ങളിൽ നിന്നും വാഹനം വന്നതിനാൽ ഒരു വാഹനം സൈഡാക്കിയാൽ മാത്രമാണ് മറ്റേ വാഹനത്തിന് കടന്നുപോകാൻ സാധിക്കുകയുള്ളൂ. ഈ കാണുന്ന പാതയിൽ എല്ലാം പ്രകൃതിവാസികളായ ഒരുപാട് മനുഷ്യരെ കണ്ടു. ഇന്നും ചെറിയ കുടിലുകളിൽ വനപ്രദേശങ്ങളിൽ താമസിക്കുന്നവർ. അവരോടൊപ്പം കന്നുകാലിക്കൂട്ടങ്ങളെയും ആട്ടിൻ കൂട്ടത്തെയും കാണാം. ഇന്നും ഇത്തരം മനുഷ്യർ നമുക്ക് തൊട്ടടുത്ത് താമസിക്കുന്നു എന്നതുതന്നെ കൗതുകം ആയിരുന്നു.
ബസ്സിന്റെ പിൻസീറ്റിൽ നിന്നും ഞാനും കൂട്ടുകാരനും മുൻപിലുള്ള സീറ്റിലേക്ക് മാറി. മികച്ച ഡ്രൈവറും കണ്ടക്ടറും ആയിരുന്നു ആ വാഹനത്തിൽ ഉണ്ടായിരുന്നത് . ഡ്രൈവർ കർണാടക ഭാഗത്തെത്തിയിട്ടും പലർക്കും കൈ കാണിക്കുന്നു, പരിചയം പുതുക്കുന്നു . അതിനിടയിൽ ബസ് പെട്ടെന്ന് നിർത്തി. നോക്കുമ്പോൾ കാട്ടിൽ നിന്നും പറിച്ച നെല്ലിക്ക വിൽക്കുന്ന ഒരു കുട്ടി കൂട്ടം. അവർക്ക് പണം നൽകി ഡ്രൈവർ നെല്ലിക്ക വാങ്ങിച്ചു ബസിന്റെ പ്രത്യേക സീറ്റിനടിയിൽ വെച്ചു. കാളകളും പോത്തും ആട്ടിൻ കൂട്ടവും ഒക്കെ പലയിടങ്ങളിൽ റോഡിൽ ബസിന്റെ സഞ്ചാരത്തിൽ തടഞ്ഞു. ഡ്രൈവർ ആ റൂട്ടിൽ സഞ്ചരിച്ച് നല്ല പരിചയം ഉള്ള ആളാണ്. ചിലയിടങ്ങളിൽ റോഡിന്റെ ഇരു വശവും നട്ട മരങ്ങൾ പരസ്പരം കോർത്തിണക്കി നിൽക്കുന്നത് കാണുമ്പോൾ പ്രകൃതി ഒരുക്കിയ ഒരു ഗുഹയുടെ ഉള്ളിൽ കൂടെ പോകുന്നതുപോലെ നമുക്ക് തോന്നും. ആകാശം നല്ല മേഘമയമായിരുന്നു. മേഘങ്ങളിൽ പലരൂപങ്ങൾ എന്നോട് മിണ്ടിയും മൂളിയും ബസ്സിനോടൊപ്പം സഞ്ചരിച്ച് കൊണ്ടിരുന്നു.ഗ്രാമീണതയും കൃഷിയും ഇന്നും ഈ സ്ഥലങ്ങൾക്ക് നമുക്ക് വ്യത്യസ്തമായ ഒരു ഫീലിംഗ് തരുവാൻ സാധിക്കും. കൃഷി വരുമാനം മാത്രം ഉള്ള ഒരുപാട് കർഷക കുടുംബങ്ങൾ കർണാടകയുടെ അതിർത്തി കടന്ന് ചെന്നപ്പോൾ കാണാൻ സാധിച്ചു.അവരിലെ നിഷ്കളങ്കത അവരുടെ ചിരിയിൽ നമുക്ക് അനുഭവിക്കാൻ സാധിക്കും.
യാത്ര മൂന്നു മണിക്കൂർ പിന്നിട്ടു. മൈസൂരിന്റെ പ്രദേശങ്ങളിൽ പ്രവേശിച്ചു. മൈസൂർ പാലസിന് അടുത്ത സ്റ്റോപ്പിൽ ബസ് ഞങ്ങൾക്ക് നിർത്തി തന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും നന്ദി രേഖപ്പെടുത്തി ദിവസത്തെ മൂന്നാമത്തെ ആനവണ്ടിയോട് യാത്ര പറഞ്ഞു.
സൂര്യൻ പകലിനെ ഉപേക്ഷിച്ചു പോവുന്ന സമയം ഞങ്ങൾ മൈസൂർ പാലസിന് മുമ്പിൽ എത്തി. സന്ദർശകരുടെ പ്രവേശനം ഇനി നാളെ മാത്രം. എന്നാൽ ഇരുട്ടിയാൽ ലൈറ്റ് ഷോ കാണാൻ സാധിക്കും എന്ന് കര കൗശല സാധനം വിൽക്കുന്ന ദമ്പതിമാരിൽ നിന്ന് അറിഞ്ഞു. പ്രാർത്ഥന പള്ളി തേടി കുറച്ചു നടന്നു. യാത്രക്കാരന് പ്രാർത്ഥനയിലെ ലഭ്യമാവുന്ന ഇളവുകൾ ഞങ്ങൾ ഉപയോഗപ്പെടുത്തി.വീണ്ടും പാലസിലേക്ക് നടന്നു. കുതിര വണ്ടിക്കാർ ഞങ്ങളെ ടൌൺ ചുറ്റി കാണിക്കാം എന്ന് പറഞ്ഞു.₹500 മുതൽ ₹200 വരെ പക്ഷെ കുതിരയും വണ്ടിയും ഓടിക്കുന്നയാളുകളും വിവിധ നിലവാരത്തിൽ.
പത്തും ഇരൂപതും രൂപ നൽകിയാൽ വിവിധ പഴങ്ങൾ മുറിച്ചത് കഴിക്കാം. ലൈറ്റ് ഷോ കാണുവാനായി പാലസിലേക്ക് ഓട്ടോ കയറി. അയാൾ പാലസിലേക്ക് ₹100 രൂപക്ക് കൊണ്ട് പോവാം എന്ന് പറഞ്ഞു. വണ്ടിയിൽ കയറിയ ഞങ്ങളെ അയാൾ ഒരു സർക്കാർ ഷോപ്പിംഗ് സെന്ററിൽ എത്തിച്ചു. ഇന്ന് ഇവിടെ GST ഇല്ലാതെ സാധനം വാങ്ങാം എന്ന് അറിയിച്ചു. വെറുതെ അവിടെ കയറിയിറങ്ങി.ചെറിയ വിലയിൽ വാങ്ങാൻ അവിടെ സാധനങ്ങൾ കാണാൻ സാധിച്ചില്ല.ഞങ്ങൾ തിരിച്ചു ഓട്ടോയിൽ കയറി.ഞങ്ങളുടെ ഷോപ്പിംഗിൽ ഓട്ടോ ഡ്രൈവർക്ക് അവിടെ എന്തോ കമ്മീഷൻ കിട്ടും എന്ന് തോന്നി. താമസത്തിന് സ്ഥലം കിട്ടിയോ എന്ന് ഡ്രൈവർ ചോദിച്ചു. ഡ്രൈവർക്ക് ഓട്ടോ കൂലിയെക്കാൾ ആൾ ഒരു കമ്മീഷൻ ഏജന്റ് ആണോ എന്ന് തോന്നി.
പാലസിന് മുമ്പിൽ വീണ്ടും ഞങ്ങൾ തിരിച്ചിറങ്ങി. കൊട്ടാരം ദീപാലങ്കാരം കൊണ്ട് മനോഹരമായ കാഴ്ചയായി മാറിയിരിക്കുന്നു. ശനിയാഴ്ച രാത്രികളിൽ അല്പസമയവും ഞായറാഴ്ച രാത്രികളിലും ആണ് ഇവിടെ പാലസിനു ചുറ്റും വിവിധ വർണ്ണത്തിനുള്ള ലൈറ്റ് ഷോ കാണാൻ സാധിക്കുക. കുറച്ച് സമയം ഞങ്ങൾ വീണ്ടും അവിടെ സമയം ചിലവഴിച്ചു. സമയം തെറ്റിയ മഴ ഞങ്ങളെക്കുറിച്ച് ബുദ്ധിമുട്ടിപ്പിച്ചു. കയ്യിൽ കുട കരുതാതിരുന്നതിനാൽ ഒരു മരത്തിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചു. മഴ ഒന്നു കുറഞ്ഞപ്പോൾ പാലസിന് എതിർവശത്തായി കാണുന്ന ദസ്റ എക്സിബിഷനിലേക്ക് നടന്നു. ദസ്റയോട് അനുബന്ധിച്ച് മൂന്നുമാസം നീണ്ടു നിൽക്കുന്ന എക്സിബിഷൻ ആണിത്. സാധനങ്ങൾക്ക് വിലക്കുറവ് കാണാം. എന്നാൽ ഒരുപാട് വാങ്ങുവാൻ കയ്യിൽ പണം കരുതിയിട്ടില്ല, കൊണ്ടുപോകുവാൻ കൊച്ചു ബാഗുകൾ മാത്രം. കുർത്തകളും കുറച്ച് തു ണിത്തരങ്ങളും വാങ്ങിച്ചു. വില നാട്ടിലെ 4/1 മാത്രം. സമയം ഏതാണ്ട് രാത്രി 12:30 എക്സിബിഷനിലെ ഭക്ഷണ കൗണ്ടറിൽ നിന്ന് തന്നെ രാത്രി ഭക്ഷണം.താമസം വേണ്ടന്ന് വെച്ചു. ഒരു പകൽ യാത്ര നീണ്ടു മറ്റൊരു പകലിലേക്ക് പോവുന്നത് ഒഴിവാക്കാൻ ആന വണ്ടിക്ക് വേണ്ടി കർണാടക ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ഓട്ടോ കയറി.പാതി രാത്രി ആയത് കൊണ്ട് ചെറിയ ദൂരത്തേക്ക് ഓട്ടോക്കാരൻ ₹200 വാങ്ങി കൃത്യം സ്ഥലത്ത് എത്തിച്ചു.ആന വണ്ടി അടുത്തത് വരാൻ മൂന്ന് മണിക്കൂർ എടുക്കും എന്ന് ഇൻഫർമേഷൻ കൗണ്ടറിൽ പകുതി ഉണർന്ന് ഇരിക്കുന്ന യുവാവ് അറിയിച്ചു. അധികം ആലോചില്ല കർണാടക ട്രാൻസ്‌പോർട്ടിന്റെ ലക്ഷറി ബസ് ആയ ഐരാവത് ബസ്സിൽ കോഴിക്കോട്ടേക്ക് ₹1050 നൽകി രണ്ട് ടിക്കറ്റ് എടുത്തു.കണ്ട മൈസൂർ പട്ടണത്തെക്കാൾ കാണാത്ത മൈസൂർ കാഴ്ചകൾ ബാക്കി വെച്ച് രാത്രി മാത്രം കണ്ട മൈസൂർ പട്ടണത്തോട് വീണ്ടും വരാം എന്ന് സ്വകാര്യം പറഞ്ഞു ഞങ്ങൾ വിട വാങ്ങി.....