ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ നാല്പത് തൊഴിലാളികളെ പുറത്തു കടത്താൻ കുഴൽ പാത ഒരുക്കുന്ന ജോലികൾ അവസാന നിമിഷത്തിൽ സ്തംഭനാവസ്ഥയിൽ തുടരുന്നു. അവശിഷ്ടങ്ങൾ തുരന്ന് ഇരുമ്പ് കുഴലിടുന്ന അമേരിക്കൻ നിർമ്മിത ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുനിർത്തിയ കോൺക്രീറ്റ് അടിത്തറ ഇളകിയതോടെയാണ് ഉച്ചയ്ക്ക് 1 30 ന് രക്ഷാദൗത്യം നിർത്തിവച്ചത്. ഇതോടെ വളരെ പ്രതീക്ഷയോടെ മുന്നോട്ടുപോയ രക്ഷാദൗത്യം വീണ്ടും വൈകുകയാണ്. ബുധനാഴ്ച രാത്രി തുരക്കലിന് തടസ്സമായി നിന്ന ഇരുമ്പുപാളിയും കമ്പിയും വ്യാഴാഴ്ച രാവിലെ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയിരുന്നു. രക്ഷാദൗത്യത്തിന്റെ അന്ത്യ ഘട്ടം വ്യാഴാഴ്ച പൂർത്തിയാക്കുമെന്ന് ദേശീയ ദുരന്തനിവാരണ സേന ഡയറക്ടർ ജനറലും റിലേഷൻ വകുപ്പ് മേധാവിയും മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് തടസ്സം നേരിട്ടിരിക്കുന്നത്.