വടകര:വിനോദസഞ്ചാരകേന്ദ്രമായ വടകര സാൻഡ് ബാങ്ക്സിൽ സന്ദർശനത്തിനെത്തിയ സ്കൂൾ സംഘത്തിലെ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. വയനാട് നീർവാരം സ്വദേശിനി ബെൽന മോൾക്കാണ് കടിയേറ്റത്. ചൊവ്വാഴ്ചവൈകുന്നേരമാണ് സംഭവം. ടിക്കറ്റെടുത്ത് സംഘം ഉള്ളിൽക്കയറി അല്പസമയത്തിനുള്ളിലാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസിന്റെ വാഹനത്തിൽ കുട്ടിയെ വടകര സ്വകാര്യാശുപത്രിയിലെത്തിച്ചു.ഇവിടെ ഐ.സി.യു.വിൽ നിരീക്ഷണത്തിലാണ്. മണ്ഡലി ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് സംശയിക്കുന്നു.അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.