ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഫോണ്‍ കോളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം അവകാശപ്പെടുന്നത്.
വ്യാജ സന്ദേശം വിശ്വസിക്കാന്‍ സാധ്യതയുള്ള പലരും മൊബൈല്‍ കണക്ഷന്‍ റദ്ദാവുമെന്ന് പേടിച്ച് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യാനും ചൂഷണങ്ങള്‍ക്ക് ഇരയാവാനും സാധ്യതയുണ്ട്. രാജ്യത്തെ ടെലികോം സംബന്ധമായ നയങ്ങളും പദ്ധതികളും നിയമപരമായ ചട്ടക്കൂടുകളും രൂപീകരിക്കുന്ന സര്‍ക്കാര്‍ വകുപ്പായ കേന്ദ്ര ടെലികോം വകുപ്പ് ഒരിക്കലും വ്യക്തികളെ ബന്ധപ്പെട്ട് അവരുടെ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന തരത്തില്‍ അറിയിപ്പുകള്‍ നല്‍കാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ വളരെയധികം ശ്രദ്ധപുലര്‍ത്തണമെന്നും ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ വീണ് കോളുകളോ സന്ദേശങ്ങളോ വിശ്വസിക്കുകയും വ്യക്തി വിവരങ്ങള്‍ കൈമാറുകയും ചെയ്യാതിരിക്കാന്‍ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി എത്തുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുകയോ ഇത്തരം കോളുകളില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. പകരം സര്‍വീസ് ദാതാക്കളുമായി ബന്ധപ്പെട്ട് അത്തരം കോളുകളുടെ നിജസ്ഥിതി പരിശോധിക്കണം. ഫോണ്‍ കോളുകളിലൂടെ ടെലികോം വകുപ്പ് ഉപഭോക്കളെ ബന്ധപ്പെടുകോ ഫോണ്‍ കണക്ഷൻ റദ്ദാക്കുമെന്ന് അറിയിക്കുകയോ ഇല്ല. അത്തരത്തില്‍ ലഭിക്കുന്ന ഏത് കോളുകളും സംശയാസ്പദമാണ്.
ഇത്തരത്തിലുള്ള കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ https://cybercrime.gov.inല്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഉപഭോക്താക്കള്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗരൂകരായിരിക്കുകയും സംശയകരമായ കാര്യങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുകയും വേണം. തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചൂഷണങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കം സംരക്ഷണം നല്‍കാനും ടെലികോം വകുപ്പ് ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.