കോഴിക്കോട്: യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ വീണ്ടും നിന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതോടെ കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ നിന്നത്. തിക്കോടിക്ക് അടുത്താണ് സംഭവം.മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്.ഡി.എസ്. സംവിധാനത്തിലെ പാനല്‍ മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഇതോടെ ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് കോഴിക്കോട്ട് എത്തിയത്. വടകരയില്‍ വെച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. മെക്കാനിക്കല്‍ വിഭാഗം ആര്‍പിഎഫിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസം തിരൂര്‍, പട്ടാമ്പി- പള്ളിപ്പുറം എന്നിവിടങ്ങളിലും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ നിന്നിരുന്നു. പുകവലിച്ചവരില്‍ നിന്ന് പിഴയും ഈടാക്കുകയും ചെയ്തിരുന്നു.