കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്​ മുൻകൂർജാമ്യം തേടിയിരിക്കുന്നത്​.ഹർജി പരിഗണിച്ച ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസ്​ ശ്രീശാന്തിന്‍റെ അറസ്റ്റ്​ താൽക്കാലികമായി വിലക്കി. സർക്കാറിന്‍റെ നിലപാടും തേടി.

കണ്ണൂര്‍ സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പോലീസ് കേസെടുത്തത്. താന്‍ നിർമിക്കുന്ന കായിക അക്കാദമിയില്‍ പരാതിക്കാരനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്​ 2019ൽ ശ്രീശാന്ത്​ പണം തട്ടിയെന്നാണ്​ പരാതി. എന്നാല്‍, അനാവശ്യമായി തന്നെ കേസില്‍ പ്രതിയാക്കിയതാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത്​.