നെടുമ്പാശ്ശേരി: എയർഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവ് ലഭിക്കും വിധം ‘ക്രിസ്‌മസ് കംസ് ഏർളി’ സെയിൽ പ്രഖ്യാപിച്ചു. ഡിസംബർ രണ്ടു മുതൽ 2024 മേയ് 30-വരെ നടത്തുന്ന യാത്രകൾക്കായി നവംബർ 30 വരെ നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഇളവ് ലഭിക്കുക.

എയർഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും (airindiaexpress.com) ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക്ചെയ്യുന്നവർക്ക് സൗജന്യ ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങളും സീറോ കൺവീനിയൻസ് ഫീ സൗകര്യവും അധികമായി ലഭിക്കും. ബെംഗളൂരുവിൽ നിന്ന് കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലേക്കും ചെന്നൈ-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലും എയർഇന്ത്യ എക്സ്പ്രസ് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഹൈദരാബാദിനെ കൊച്ചി, ലഖ്നൗ, അമൃത്‌സർ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും എയർഇന്ത്യ എക്സ്പ്രസ് അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. 57 വിമാനങ്ങളുള്ള എയർഇന്ത്യ എക്സ്പ്രസ് പ്രതിദിനം മുന്നൂറിലധികം വിമാനസർവീസുകൾ നടത്തുന്നുണ്ട്.